പെർവാഡ് അപകടം; യുവാവ് മരിച്ചു, ചികിത്സ പിഴവാരോപിച്ച് പ്രതിഷേധം

കാസർക്കോഡ്: മംഗ്ളൂരു ദേശീയ പാതയിലെ അപകടം. യുവാവ് മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് ബിജെപി പ്രതിഷേധം. പെർവാഡിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം.

കുമ്പള ആരിക്കാടി, പാറസ്ഥാനത്തെ കൃഷ്ണ‌ വെളിച്ചപ്പാടന്റെ മകൻ എൻ ഹരീഷ് കുമാർ (37) ആണ് മരിച്ചത്. കാർ യാത്രക്കാരായ സത്രീയെയും കൂടെ ഉണ്ടായിരുന്ന ആളെയും പരിക്കേറ്റ നിലയിൽ കാസർക്കോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. കൂട്ടിയിടിയിൽ സ്‌കൂട്ടർ പൂർണ്ണമായി തകരുകയും കാർ തലകീഴായി മറിയുകയും ചെയ്തു. പരിക്കേറ്റ ഹരീഷ് കുമാർ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാത്തത് ഹരിഷ്‌ കുമാറിൻ്റെ മരണത്തിനു ഇടയാക്കിയതെന്നു ആരോപിച്ച് ആശുപത്രിക്കു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധത്തിലാണ്. പ്രശ്‌നത്തിനു പരിഹാരം കാണാതെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധത്തിനു ബിജെപി നേതാക്കളായ സുരേഷ് കുമാർ ഷെട്ടി, വിജയകുമാർ, മുരളീധരയാദവ്, പ്രേമലത, സുധാകർ കാമത്ത്, രമേശ് ഭട്ട്, സുജിത്ത് റൈ തുടങ്ങിയവർ നേതൃത്വം നൽകി. രത്നാവതിയാണ് ഹരീഷ് കുമാറിന്റെ മാതാവ്. രാജേഷ്, രവി സഹോദരങ്ങൾ.