ദുബൈ ഗാർഡൻ ഗ്ലോ വീണ്ടും തുറക്കുന്നു
ദുബൈ: സന്ദർശകരുടെ മനസ്സ് നിറക്കും കാഴ്ചകളൊരുക്കി പ്രശസ്‌തമായ ദുബൈ ഗാർഡൻ ഗ്ലോ വീണ്ടും തുറക്കുന്നു. ഈ വർഷം ആദ്യം പാർക്ക് അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ രണ്ട് പാർക്കുകൾ ഉപയോഗപ്പെടുത്തി ദുബൈ ഗാർഡൻ ഗ്ലോ വീണ്ടും തുറക്കുമെന്നാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നത്.
സബീൽ പാർക്ക് ഗേറ്റ് 3-ന് സമീപത്തെ ദുബൈ ഫ്രെയിമിനുള്ളിലാണ് ഇത്തവണ ഗാർഡൻ ഗ്ലോ വിസ്‌മയക്കാഴ്‌ചകളൊരുക്കുക. ഡൈനോസർ പാർക്കും ഫാൻ്റസി പാർക്കുമായി രണ്ട് പാർക്കുകൾ ഉണ്ടാകുമെന്നതാണ് ഇത്തവണത്തെ ഗാർഡൻ ഗ്ലോവിനെ സവിശേഷമാക്കുക. പത്ത് വർഷമായി ദുബൈയിലെ താമസക്കാർക്കും സഞ്ചാരികൾക്കും പ്രിയപ്പെട്ട ഇടമാണ് ഗാർഡൻ ഗ്ലോ. ഔദ്യോഗികമായി തുറക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാർക്കിന്റെ പ്രവർത്തന സമയം ഞായർ മുതൽ ശനി വരെ രാവിലെ 10ന് തുടങ്ങി രാത്രി 9 വരെ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
