കാത്തിരുന്ന് മുഷിയണ്ട പറന്ന് വരും ഭക്ഷണം
അബുദാബി: തലബാത്ത് ആപ്പ് വഴി ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഭക്ഷണ ഡെലിവറി ആരംഭിക്കാനൊരുങ്ങി അബുദാബി. പരീക്ഷണ പറക്കൽ ഇതിനകം ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളിൽ ആദ്യ ഉപഭോക്തൃ ഓർഡർ നൽകാനായേക്കും.
തലബാത്ത് ആപ്പ് ഉപയോഗിച്ച് പലചരക്ക് സാധനങ്ങളും ഭക്ഷണവും ഓർഡർ ചെയ്യാമെന്ന് അവ തലബാത്ത് അടുക്കളയിൽ നിന്നോ റെസ്റ്റോറൻ്റിൽ നിന്നോ ഡ്രോപ്പ്-ഓഫ് സ്റ്റേഷനിലേക്ക് ഡ്രോൺ എത്തിക്കുമെന്നും കെ2 സ്ട്രാറ്റജി വൈസ് പ്രസിഡന്റ്റ് വലീദ് അൽ ബ്ലഷി പറഞ്ഞു.
അബൂദബി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള നൂതന സാങ്കേതിക കമ്പനിയാണ് കെ2. ഡ്രിഫ്റ്റ്എക്സ് പ്രദർശനത്തിൽ രണ്ട് ഡ്രോണുകൾ പരീക്ഷണ പറക്കൽ നടത്തിവരികയാണ്. അബൂദബി ഓട്ടോണമസ് വീക്കിന്റെ ഭാഗമായി യാസ് മറീന സർക്യൂട്ടിലാണ് ഡ്രിഫ്റ്റ്എക്സ് പ്രദർശനം നടക്കുന്നത്.
ഡ്രിഫ്റ്റ്എക്സിൽ തലാബത്തുമായുള്ള കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നും അതിനുശേഷം പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നും വലീദ് അൽ ബ്ലഷി കൂട്ടിച്ചേർത്തു. നിലവിൽ ഒരു ഡ്രോപ്പ്-ഓഫ് സ്റ്റേഷൻ ഉണ്ടെന്നും അബൂദബിയിലുടനീളം ഡ്രോപ്പ്-ഓഫ് സ്റ്റേഷനുകൾ കണ്ടെത്തുമെന്നും അൽ ബ്ലൂഷി പറഞ്ഞു.
