നിയമങ്ങള്‍ കര്‍ശനമാക്കി സൗദി
റിയാദ്: തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സൗദിതൊഴിൽ വകുപ്പ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ജോലിസമയം, വിശ്രമം, ആഴ്ചയിലെ അവധി എന്നിവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് നിർദേശങ്ങൾ. തൊഴിലാളികളുടെ മാനുഷിക അവകാശങ്ങൾ ഉറപ്പാക്കുന്നതിനാണ് നടപടി.
ആഴ്ചയിലെ അവധിയിൽ പണം നൽകി ജോലി ചെയ്യിക്കുന്നത് അനുവദിക്കില്ല. തൊഴിലാളികൾക്ക് നിർബന്ധമായും പൂർണ വിശ്രമം ലഭിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലിസ്ഥലത്ത് തങ്ങാൻ പാടില്ലെന്നും വ്യവസ്ഥയിലുണ്ട്.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തിയുള്ള നിയന്ത്രണമാണിത്.
തുടർച്ചയായി 5 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ അനുവദിക്കില്ല. ജോലി സമയത്തിനിടയിൽ പ്രാർഥനയ്ക്കും ഭക്ഷണത്തിനും കുറഞ്ഞത് 30 മിനിറ്റ് വിശ്രമ വേളയും നിർബന്ധമാക്കിയിട്ടുണ്ട്.
നിലവിൽ എല്ലാ തൊഴിലാളികൾക്കും വെള്ളിയാഴ്ചയാണ് ആഴ്ചയിലെ അവധിദിനം. എന്നാൽ, തൊഴിലുടമയ്ക്ക് അതാത് തൊഴിൽ ഓഫീസിനെ അറിയിച്ച് ചില തൊഴിലാളികൾക്ക് മറ്റൊരു ദിവസം അവധി നിശ്ചയിക്കാവുന്നതാണ്. നിർദേശങ്ങൾ തൊഴിലുടമകൾ ഈ ചട്ടങ്ങള്‍ പാലിക്കാത്ത പക്ഷം നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
