കാമുകിക്ക് കെണി വെച്ചു; കാമുകന്‍ പോലീസ് പിടിയില്‍
കോഴിക്കോട്: പ്രണയം നടിച്ച് വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി വിൽപ്പനക്ക് വെച്ചു, കാമുകൻ അറസ്റ്റിൽ. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ക്ലമന്റാണ് സൈബർ ക്രൈം പൊലീസിൻ്റെ പിടിയിലായത്.
ഇൻസ്പെക്ടർ സിആർ രാജേഷ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതി നൽകിയ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പ്രണയം നടിച്ച് വീഡിയോ കോൾ ചെയ്യുന്നത് പതിവാക്കുകയുമായിരുന്നു.
വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സ്ക്രീൻ റെക്കോർഡ് ഓണാക്കി ഇയാൾ പകർത്തി. പിന്നീട് സമൂഹമാധ്യമങ്ങളിലെ പെയ്‌ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് പണം തട്ടുകയായിരുന്നു. ഇത്തരത്തിൽ പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന സംഘങ്ങളിലെ പ്രധാനിയാണ് പിടിയിലായ ക്ലെമൻ്റെന്ന് പൊലീസ് പറഞ്ഞു. വടകര കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
