ഹത്ത ഒരുങ്ങി, സന്ദര്‍ശകര്‍ക്ക് സ്വാഗതം
നവീന ആംഫിതീയറ്റർ, ഫാമുകളുടെ നവീകരണം, വിശ്രമ സ്ഥലങ്ങള്‍ സജ്ജീകരിച്ച പാതകള്‍, സ്കൂള്‍ തുടങ്ങി ഹത്തയുടെ വികസനം ലക്ഷ്യമിടുന്ന പദ്ധതികൾ പൂർത്തിയാക്കി, സന്ദർശകർക്കായി തുറന്നു കൊടുത്തു.
പുതിയ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ, വിനോദസഞ്ചാര ആകർഷണങ്ങൾ എന്നിവ വിപുലീകരിച്ചു. നേരിയ ചെരിവുകളോടെ പ്രകൃതിയുമായി ഒത്തുചേരുന്ന രൂപകൽപനയിൽ ഹത്ത ഡാമിൻ്റെ ഏറ്റവും ഉയരത്തിലായി നിർമിച്ച ആംഫിതീയറ്റർ ആണ് ഹത്തയിലെ പ്രധാന ആകർഷണം. ആറ് വിശ്രമസ്ഥലങ്ങളോടു കൂടിയ പാതയിലൂടെ 17 മിനിറ്റ് കൊണ്ട് മുകളിലെത്താം.
സഞ്ചാരികൾക്ക് ഡാം, പർവതനിരകൾ, കയാക്കിങ് തുടങ്ങിയവ ഇവിടെ നിന്ന് അനുഭവിക്കാം. വികലാംഗർക്കും ഇവിടേക്ക് പ്രവേശനയോഗ്യമാണ്. 18,600 ചതുരശ്ര മീറ്ററിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളിന്റെ നിർമാണവും പൂർത്തിയായി. സംയോജിത വിദ്യഭ്യാസ കോംപ്ലക്‌സ് ഉൾപ്പെടുന്ന ഇവിടെ 1000 വിദ്യാർഥികളെ ഉൾക്കൊള്ളും. 44 ക്ലാസ് മുറികൾ, സയൻസ് ആൻഡ് ലേണിങ് ലാബുകൾ, 4700 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കളിസ്ഥലം, കിൻഡർഗാർഡൻ വിഭാഗം, മെഡിക്കൽ ക്ലിനിക് എന്നിവയും സ്‌കൂളിൻ്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. 14 സ്‌കൂൾ ബസുകൾ, 52 കാറുകൾ എന്നിവക്കുള്ള പാർക്കിങ് സൗകര്യവും ഇവിടെയുണ്ട്.
ഹത്ത പരിസരങ്ങളിലെ കൃഷി വ്യാപിക്കുക, ഹൈഡ്രോപോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഹരിതഗൃഹം നവീകരിക്കുക, പുതിയ യൂനിറ്റുകൾ സ്ഥാപിച്ച് ശീതീകരണ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, സമർപ്പിത വിത്ത്-നഴ്‌സറി സൗകര്യം നിർമിക്കുക തുടങ്ങിയവ ഉൾപ്പെടുത്തി സ്ട്രോബറി ഫാം നവീകരിച്ചു. കൂടാതെ വിത്തുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് സ്‌മാർട്ട് ക്രോപ്പ് മാനേജ്മെന്റ് സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.
