സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദ് അമേരിക്കയിലേക്ക്
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങി. സന്ദർശനം പ്രമാണിച്ച് സൗദി പതാകകൾ കൊണ്ട് അലങ്കരിച്ചു വൈറ്റ് ഹൗസ്. നവംബർ 18ന് സൗദി കിരീടാവകാശി വൈറ്റ് ഹൗസിൽ എത്തും. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ കൂടിക്കാഴ്‌ച വൈറ്റ് ഹൗസിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമീപ കാലങ്ങളിൽ കൂടുതൽ ശക്തമായ സാഹചര്യത്തിലാണ് കിരീടാവകാശിയുടെ നിർണായക സന്ദർശനം. കൂടാതെ ട്രംപ് തന്റെ രണ്ട് ടേമുകളിലും ആദ്യ വിദേശ സന്ദർശനത്തിനായി തെരഞ്ഞെടുത്തത് സൗദി അറേബ്യയെയാണ്. അതിനാല്‍ ഈ കൂടിക്കാഴ്ചക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിലൂടെ മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന കരാറുകളാവും പ്രധാനമായും ചർച്ച ചെയ്യുക. കഴിഞ്ഞ മെയ് മാസത്തിൽ ട്രംപ് സൗദി സന്ദർശിച്ചപ്പോൾ യുഎസ് പ്രതിരോധ വ്യവസായ മേഖലയിലെ സൗദി നിക്ഷേപങ്ങൾ ഉൾപ്പെടെ 142 ബില്യൺ ഡോളറിന്റെ ധാരണാപത്രങ്ങൾ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
