യു.എ.ഇ പതാക ദിനം; രാജ്യമെങ്ങും വൈവിധ്യമാർന്ന പരിപാടികൾ
അബുദാബി: യു.എ.ഇ ഇന്ന് പതാകദിനം ആചരിച്ചു. അബുദാബി ഖസർ അൽ ഹുസ്‌നിൽ യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദേശീയ പതാക ഉയർത്തി.
പതാകദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടന്ന് വരുന്നു. എമിറേറ്റുകളിൽ ഭരണാധികാരികളും കിരീടാവകാശികളും ഉപ ഭരണാധികാരികളും പങ്കെടുത്ത ചടങ്ങുകൾ വർണ്ണാഭമായി. ഇന്ന് രാത്രി 8.30ന് ദുബൈ ഗ്ലോബൽ വില്ലേജിൽ അതിഗംഭീര ഡ്രോൺ പ്രദർശനം നടക്കും. ദേശീയ പതാകയുടെ നിറങ്ങൾ ആകാശത്ത് വർണപ്പൂരമൊരുക്കും. ബുർജ് അൽ അറബിനു സമീപമുള്ള ഉംസുഖീം ബീച്ചിൽ തുടർച്ചയായ 13-ാം വർഷവും ഫ്ലാഗ് ഗാർഡൻ തയാറാക്കിയിട്ടുണ്ട്. യു.എ.ഇ രാഷ്ട്രപിതാക്കന്മാരായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ, ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം എന്നിവരോടുള്ള ആദരസൂചകമായി ആയിരക്കണക്കിന് പതാകകൾ ഉപയോഗിച്ചാണ് ഛായാചിത്രങ്ങൾ തയാറാക്കിയത്. ജനുവരി 10 വരെ ഫ്ലാഗ് ഗാർഡൻ സന്ദർശിക്കാൻ അവസരമുണ്ട്. രാജ്യത്തെ മന്ത്രാലയങ്ങളിലും സർക്കാർ ഓഫീസുകളിലും രാവിലെ 11 മണിക്ക് ദേശീയ പതാക ഉയർത്തി.
