കളം ഒരുങ്ങി ഇനി പോര് ദിനങ്ങള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കളം ഒരുങ്ങി. മാതൃക പെരുമാറ്റ ചട്ടവും നിലവില്‍ വന്നു. ഡിസംബർ 9,11 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് പോളിങ്. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറ് വരെ പോളിങ് സമയം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 21. സൂക്ഷ്മ പരിശോധന 22ന്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം നവംബര്‍ 24.
പോളിങ് ദിവസത്തിന്റെ 48 മണിക്കൂര്‍ മുമ്പ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള അവസരം. ആകെ 2,84, 30761 പേര്‍ക്കാണ് വോട്ടവകാശം. ഇതില്‍ പ്രവാസി വോട്ടര്‍മാര്‍ 2841.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനകം തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കിയിരുന്നു. പലയിടത്തും സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളും പൂര്‍ത്തിയായി. വാര്‍ഡ് തല കണ്‍വന്‍ഷനുകളുടെ തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. തൃതല തിരഞ്ഞെടുപ്പില്‍ മിക്കയിടത്തും ത്രികോണ മത്സരമാണ് നടക്കുക. സീറ്റ് പിടിച്ചെടുക്കാന്‍ സ്വതന്ത്ര ചിഹ്ന പരീക്ഷണങ്ങള്‍ പയറ്റുന്നതും കാണാനാവും.
അതേസമയം, വരും ദിവസങ്ങള്‍ മറുകണ്ടം ചാടലിന്റെത് കൂടിയാണ്. സ്ഥാന മോഹികള്‍ മോഹിച്ച സീറ്റ് മത്സരിക്കാൻ കിട്ടാതെ വരുന്ന കാരണത്താല്‍ അക്കരയിലേക്ക് കൂടുമാറും. ഇതോടെ പല ഡിവിഷനുകളിലും മത്സരം തീ പാറുന്നതാവും.
