കല്‍ബയില്‍ കടലിലും കരയിലും കളിയാരവം


ഷാർജ: 'കൽബ ബീച്ച് ഗെയിംസ്' അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം. കല്‍ബ തീരം ആവേശത്തിമിര്‍പ്പില്‍. കളികളും മത്സരങ്ങളും കല്‍ബ കടല്‍ കരയെ ജന നിബിഡമാക്കുന്നു,
സായാഹ്നങ്ങളില്‍.
നവംബർ ഏഴിനാണ് ബീച്ച് ഗെയിംസ് ആരംഭിച്ചത്. 16ന് സമാപിക്കും. ഷാർജയുടെ കിഴക്കൻ തീരത്തെ മനോഹരവും വിശാലവുമായ കല്‍ബ ബീച്ചിലാണ് ഈ ആവേശകരമായ പരിപാടി പുരോഗമിക്കുന്നത്. 29 വ്യത്യസ്ത കായിക, സാമൂഹ്യ ഇവന്റുകള്‍ അരങ്ങേറുന്നു. ഏകദേശം 5,000 പുരുഷ-വനിത അത്‌ലറ്റുകൾ, താരങ്ങള്‍ പങ്കെടുക്കും. വിവിധ ഇനങ്ങളില്‍ രാജ്യാന്തര പ്രശസ്തര്‍ കളത്തില്‍ ഇറങ്ങുന്നു. നടക്കുന്നതില്‍ പലതും പൊടിപാറും മത്സരങ്ങളാണ്.
വിജയികൾക്കുള്ള ആകെ സമ്മാനത്തുക 800,000 ദിർഹമാണ്. ഷാർജ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലേം അൽ ഖാസിമിയുടെ മാർഗനിർദേശ പ്രകാരം ആസൂത്രണം ചെയ്തതാണ് ബീച്ച് ഗെയിംസ്.

ബാസ്കറ്റ് ബോൾ, വോളി ബോൾ. ജല പ്രേമികൾക്ക് സെയിലിംഗ്, കയാക്കിംഗ്, പാഡിൽ ബോർഡിംഗ് തുടങ്ങിയ സമുദ്ര മത്സരത്തില്‍ വീറുറ്റ പോരാട്ടമാണ് നടക്കുന്നത്. ഗെയിമിംഗ് ആരാധകർക്കായി സംവിധാനിച്ച ഫിഫ 25 ഇ-ഫുട്ബോൾ പോലുള്ള ഇലക്ട്രോണിക് കായിക വിനോദങ്ങൾ കൗമാരക്കാരെ വന്‍ തോതില്‍ ആകര്‍ഷിക്കുന്നു. 
ജിയു-ജിറ്റ്സു, കരാട്ടെ, ഗുസ്തി തുടങ്ങിയ സ്വയം പ്രതിരോധ മുറകളും വടംവലി, സ്റ്റീപ്പിൾചേസ് പോലുള്ള ഫിറ്റ്നസ് ഇവന്റുകളും ദിവസവും നടക്കുന്നു. പ്രധാന കായിക വിനോദങ്ങൾക്ക് പുറമേ, വീൽ ചെയർ ബാസ്കറ്റ്ബോൾ, കാലിസ്‌തെനിക്സ്, ആം റെസ്‌ലിംഗ്, പാരാഗ്ലൈഡിംഗ് മത്സരം, കമ്മ്യൂണിറ്റി സീ ക്ലീൻ-അപ്പ്, അയൽപക്ക നടത്തം എന്നിവയില്‍ പങ്കെടുക്കാനും മത്സരം കാണാനും അനവധി പേരാണ് എത്തുന്നത്.