സൈബർ പോരാളിയുടെ മരണം; കരള്‍ പിളരും വേദന പങ്കുവെച്ച് സഹൃദയര്‍

 
മലപ്പുറം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അബു അരീക്കോട് എന്ന അബൂബക്കര്‍ അരീക്കോടിന്റെ മരണം സാമൂഹ്യ മാധ്യമങ്ങളിലെ സൗഹൃദ കൂട്ടത്തെ സങ്കടത്തിലാക്കി. മര്‍ക്കസ് ലോ കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അബുവിനെ ഹോസ്റ്റല്‍ റൂമിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അരീക്കോട് പൂങ്കുടി നെല്ലികുന്ന് വീട്ടിൽ താമസിക്കുന്ന അബ്ദുൽ കരീം വഹബിയുടെയും റുഖിയയുടെയും മകനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം രാവിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഉച്ച തിരിഞ്ഞ് മഞ്ഞപ്പറ്റ ജുമാ മസ്‌ജിദിൽ ഖബറടക്കും

കഴിഞ്ഞ ദിവസം വരെ സോഷ്യല്‍ മീഡിയകളില്‍ സജീവ സാന്നിധ്യമായിരുന്നു അബു.  സിപിഎമ്മിന്റെ സൈബർ പോരാളിയാണ്. സ്വന്തം പാര്‍ട്ടിക്ക് വേണ്ടി വാദങ്ങള്‍ നിരത്തി രാഷ്ട്രീയ എതിരാളികളോട് നിരന്തരം കലഹിക്കുമായിരുന്നു. എങ്കിലും, അബുവിന്റെ മരണം എല്ലാവരെയും ഒരുപോലെ സങ്കടത്തിലാക്കി. സാമ്പത്തിക പ്രശ്‌നവും അത് കാരണമുള്ള മാനസിക സമ്മര്‍ദ്ദവുമാണ് അബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ദുരൂഹത മാറ്റാന്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.