ഇമാറാത്ത് തണുപ്പിലേക്ക്; ഒമാനിൽ ചൂടേറും

ദുബൈ/മസ്കത്: യുഎഇ, ഒമാൻ രാജ്യങ്ങളിലെ കാലാവസ്ഥ സംബന്ധിച്ച സൂചന നൽകി അധികൃതർ. യുഎഇ ശൈത്യത്തിൻറ ദിനങ്ങളിലേക്ക്, അതേ സമയം നവംബർ മുതൽ ഒമാനിൽ ചൂട് കനക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ.

യുഎഇ സുഖ കാലാവസ്ഥയിലേക്ക് പ്രവേശിച്ചു. താപ നില 17 ഡിഗ്രി സെൽഷ്യസിലെത്തും. പാർക്കുകളും വിനോദയിടങ്ങളും സജീവമായി. കോർണീഷുകളിൽ സന്ദർശകരുടെ എണ്ണമേറി. ബാർബിക്യുവിൻറെ രുചി ആസ്വദിക്കാനും വിനോദങ്ങളിലേർപ്പെടാനും മരുഭൂമി കയറുന്നു കുടുംബങ്ങളും സൗഹൃദക്കൂട്ടങ്ങളും.

യുഎഇയിൽ വരുന്നത് ഒത്തുചേരലുകളുടെയും സാഹസികയാത്രകളുടെയും നാളുകളാണ്. രാവുകൾക്ക് പകലിനേക്കാൾ സജീവത ദൃശ്യമാവും ഇനി. യുഎഇ ദിവസങ്ങൾക്കകം തണുപ്പിലേക്ക് മാറും. നവംബർ വന്നതോടെ രാജ്യത്ത് തണുത്ത കാലാവസ്ഥക്കും നേരിയ മഴക്കും സാധ്യതകളേറി. ഇമാറാത്തിലെ താമസക്കാർക്ക് കഠിനമായ ചൂടിൽ നിന്നുള്ള ആശ്വാസം കൊള്ളാനാകും. ഈ ആഴ്‌ച രാജ്യത്ത് താപനില കുറഞ്ഞേക്കും. ഉൾനാടൻ, മലയോര പ്രദേശങ്ങളിൽ 17 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. അഹമ്മദ് ഹബീബ് പറയുന്നു- താമസക്കാർക്ക് മിതവും സുഖകരവുമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന്.

അതിനിടെ, ഒമാനിൽ ജനുവരി വരെ താപനില ശരാശരിയിൽ കൂടുതലായിരിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സുൽത്താനേറ്റിൽ നവംബർ മുതൽ 2026 ജനുവരി വരെ താപനില ശരാശരിയിൽ കൂടുതലായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. സിഎഎ പുറത്തിറക്കിയ കാലാവസ്ഥാ ബുള്ളറ്റിൻ പ്രകാരം നവംബറിൽ ഒമാൻ്റെ മിക്ക ഭാഗങ്ങളിലും മഴ ശരാശരിയേക്കാൾ കുറവായിരിക്കും. ചില പ്രദേശങ്ങളിൽ പരിമിതമായ മഴ ലഭിച്ചേക്കാം. കാലാവസ്ഥ താരതമ്യേന വരണ്ടതായിരിക്കും. ഡിസംബറിലും ഇതേ സാഹചര്യം തുടരുമെന്നാണ് പ്രവചനം. ഒമാന്റെ വടക്കൻ ഭാഗങ്ങളെ ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. ഒമാൻ കടലിൻ്റെ തീരപ്രദേശങ്ങളിലും പരിസരങ്ങളിലും പൊടിപടലങ്ങൾ ഉയർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് ദൃശ്യപരത കുറക്കാൻ കാരണമാകുമെന്നും ശ്വാസകോശ രോഗികൾ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.