തള്ളിയിട്ടത് മദ്യ ലഹരിയിൽ; യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

തിരുവനന്തപുരം: യാത്രക്കിടെ ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട പ്രതി സംഭവ സമയം മദ്യ ലഹരിയിലായിരുന്നു എന്ന് സഹ യാത്രക്കാർ. വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി പ്രകടമായി, തലക്കാണ് പരിക്ക്. 'ട്രെയിനിലെ ശുചി മുറിയിൽ പോയി വന്ന ശേഷം പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന ശ്രീക്കുട്ടിയെ പ്രതി നടുവിന് ചവിട്ടി താഴേക്കിട്ടു. തൊട്ടു പിന്നാലെ എന്റെ കൈയും കാലും പിടിച്ച് താഴേക്കിടാൻ ശ്രമിച്ചു. ഞാൻ പകുതി പുറത്തായിരുന്നു. ഒരു അങ്കിളാണ് എന്നെ പിടിച്ചു കയറ്റിയത്. ചവിട്ടു പടിയിൽ പിടിച്ചു നിൽക്കാനായതു കൊണ്ടും മറ്റു യാത്രക്കാർ ഇടപെട്ടതും കാരണം താഴെ വീണില്ല'- ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന അർച്ചന സംഭവത്തെ കുറിച്ച് വിവരിക്കുന്നതിങ്ങനെ. ട്രെയിനിലെ നടുക്കുന്ന അനുഭവത്തിൽനിന്ന് ഇനിയും മുക്തയായിട്ടില്ല അർച്ചന. ഞായറാഴ്ച്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പാലോട് സ്വദേശിനി സോനയെന്ന ശ്രീക്കുട്ടിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് മദ്യപൻ ട്രാക്കിലേക്ക് ചവിട്ടി തള്ളിയിടുകയായിരുന്നു. ട്രെയിനിൽ നിന്നും ഇറങ്ങാറായ സമയത്താണ് സംഭവമെന്ന് അർച്ചന പറഞ്ഞു. ആലുവ മുതൽ ഒപ്പമുണ്ടായിരുന്നു ശ്രീക്കുട്ടിയെന്നും അവർ കൂട്ടിച്ചേർത്തു.

ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. അയാൾ മദ്യപിച്ചിരുന്നു. പിന്നീട് യാത്രക്കാരാണ് അയാളെ പിടിച്ചുവെച്ചത്' അർച്ചന പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സോനയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉള്ളതായാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ട്. പ്രതി തിരുവനന്തപുരം പനച്ചുമൂട് സ്വദേശി സുരേഷ് കുമാറിനെ (43) റെയിൽവേ പൊലിസ് കസ്റ്റഡിയിലെടുത്തു.

സഹയാത്രക്കാരിയുടെ പരാതിയിൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ഞായറാഴ്‌ച രാത്രി 8.30ന് കേരള എക്സ്പ്രസിലായിരുന്നു സംഭവം. ജനറൽ കംപാർട്ട്മെന്റിൽ ആലുവയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇരുവരും.