അബൂദബിയിൽ ഇരട്ടക്കൊല, ഒളിവിൽ കഴിഞ്ഞ പ്രതിയെ സിബിഐ നാട്ടില്‍ അറസ്റ്റ് ചെയ്തു
വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ശേഷമാണ് ഷമീം കെകെയെന്ന പ്രതി കുടുങ്ങിയത്.
ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 2022 മുതൽ പ്രതി ഒളിവിലായിരുന്നു. ഷാബാ ഷെരീഫ് വധക്കേസ് കേരള പൊലീസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയ പ്രതി ഒളിവില്‍ പോവുകയായിരുന്നു.
2020 മാർച്ച് 5ന് അബൂദബിയിലെ ബിസിനസ് കൺസൾട്ടന്റായ ഹാരിസ് തത്തമ്മ പറമ്പിലിനെയും ഡെൻസി ആന്റണിയെയും ഫ്ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ മരണങ്ങൾ ആത്മഹത്യയാണെന്ന് വരുത്തിത്തീർത്തിരുന്നു. എന്നാൽ അസൂയയും ബിസിനസിലുള്ള വൈരാഗ്യവും മൂലം ഹാരിസിന്റെ കൂട്ടാളിയായ ഷൈബിൻ അഷ്റഫ് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകങ്ങളാണ് ഇവയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കണ്ടെത്തി. ഷൈബിൻ നിരവധി കൂട്ടാളികളെ ഗൾഫിലേക്ക് അയച്ചതായും അവരുടെ ചെലവുകൾ വഹിച്ചതായും സിബിഐ പറഞ്ഞു. ഹാരിസിന്റെ സമ്പാദ്യം പിടിച്ചെടുക്കാനായിരുന്നു കൊലപാതകങ്ങൾ ആസൂത്രണം ചെയ്‌തതെന്നും ചൂണ്ടിക്കാട്ടി.
ഷൈബിൻ അഷ്റഫിനും ഷമീം കെകെ ഉൾപ്പെടെ ഏഴ് പേർക്കുമെതിരെ 2024 ഒക്ടോബർ 10ന് ഇന്ത്യയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൻ്റെ ചില കാര്യങ്ങളുടെ അന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ഏറ്റെടുക്കാൻ സിബിഐയോട് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കാണാതായ പ്രതികളെ കണ്ടെത്താൻ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഷമീമിന്റെ അറസ്‌റ്റോടെ തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് സിബിഐ അറിയിച്ചു.
