നിങ്ങൾക്കും പുസ്‌തകത്തിനുമിടയിൽ'; രാജ്യാന്തര പുസ്‌തക മേളക്ക് ഒരുങ്ങി ഷാർജ

ഷാർജ: ലോകത്തിലെ ഏറ്റവും വലിയ ജനകീയ വായനോൽസവം - ഷാർജ അന്താരാഷ്ട്ര പുസ്‌തക മേളക്ക് നാളെ ബുധനാഴ്ച തുടക്കം. തുടർച്ചയായ 44-ാം വർഷമാണിത്. നവംബർ 16 വരെ ഷാർജ എക്സ്പോ സെന്ററിലാണ് മേള. 'നിങ്ങൾക്കും പുസ്തകത്തിനുമിടയിൽ' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള അരങ്ങേറുക. മേളക്ക് മുന്നോടിയായി 14-ാമത് പബ്ലിഷേഴ്‌സ് കോൺഫറൻസ് നവംബർ 2ന് ആരംഭിച്ചു, ഇന്ന് സമാപിച്ചു. ശൈഖ ബൊദൂർ അൽ ഖാസിമി പബ്ലിഷേഴ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വിവർത്തന പ്രസാധക കമ്പനികൾക്കായി വൻതുകയുടെ ഗ്രാൻറും പ്രഖ്യാപിച്ചു.

പുസ്തക മേളയിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരും പ്രദർശകരും മേളയിൽ സ്റ്റാൾ തുറക്കും. ജമൈക്ക, ലൈജീരിയ, മാലി, സെനഗൽ എന്നിവയടക്കം 10 പുതിയ രാജ്യങ്ങളും സംബന്ധിക്കുന്നു ഇതാദ്യമായി. 
സാഹിത്യം, സംസ്‌കാരം, വിജ്‌ഞാനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 66 രാജ്യങ്ങളിൽ നിന്നുള്ള 251 അതിഥികളാണ് ഇത്തവണ ഷാർജയിൽ എത്തുക. ഇവരിൽ പലരും ഇതിനകം തന്നെ ഷാർജയിൽ വിമാനമിറങ്ങി. ഇന്ത്യയിൽ നിന്ന് കവി കെ സച്ചിദാനന്ദൻ, എഴുത്തുകാരനും ഇപ്രാവശ്യത്തെ വയലാർ അവാർഡ് ജേതാവുമായ ഇ സന്തോഷ് കുമാർ, ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ പ്രാജക കോലി എന്നിവരും പങ്കെടുക്കും. കൂടാതെ നിരവധി എഴുത്തുകാർ ഔദ്യോഗികമായും അനൗദ്യോഗികമായും എത്തിച്ചേരും. കേരളത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പുസ്തക പ്രകാശനത്തിനായി പുസ്തകോൽസവ നഗരിയിലെത്തും.

നൈജീരിയൻ സാഹിത്യത്തിലെ അതികായയും ഹാഫ് ഓഫ് എ യെല്ലോ സൺ, അമേരിക്കാന എന്നീ പ്രശസ്‌ത നോവലുകളുടെ രചയിതാവുമായ ചിമാമണ്ട എൻഗോസി അഡീച്ചി ഇത്തവണ മേളയുടെ പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള 750 ശിൽപ ശാലകളും 300-ലേറെ സാംസ്കാരിക ചടങ്ങുകളും ഉൾപ്പെടെ 1,200ൽ അധികം പരിപാടികൾ പുസ്‌തകമേളയോട് അനുബന്ധിച്ച് ഒരുക്കും.  

ഇറ്റാലിയൻ ഭൗതികശാസ്ത്രജ്‌ഞനും എഴുത്തുകാരനുമായ കാർലോ റോവെല്ലി, ഐറിഷ് നോവലിസ്‌റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് മനഃശാസ്ത്രജ്‌ഞൻ ഡോ. ജൂലി സ്മ‌ിത്ത് തുടങ്ങിയ രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരും ചിന്തകരും മേളയുടെ ഭാഗമാകും. ഈജിപ്റ്റോളജിസ്‌റ്റ് സാഹി ഹവാസ്, ഈജിപ്ഷ്യൻ എഴുത്തുകാരൻ മോ ഗൗദത്ത്, കവയിത്രിയും ചലച്ചിത്ര സംവിധായികയുമായ നജൂം അൽ ഗാനം തുടങ്ങിയ പ്രമുഖ അറബ് വ്യക്തിത്വങ്ങളും ചർച്ചകളിൽ പങ്കെടുക്കും.

സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് ഗ്രീസാണ് അതിഥി രാജ്യം. ഗ്രീസിന്റെ പ്രസിദ്ധീകരണങ്ങൾ, ചരിത്രപരമായ രേഖകൾ, പ്രമുഖ സാഹിത്യകാരന്മാരെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഗ്രീസിന്റെ പവിലിയനിൽ പ്രദർശിപ്പിക്കും.12 ദിവസത്തെ മേളയിൽ ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർ, പ്രസാധകർ അണിനിരക്കും. പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, സംവേദനാത്മക ശില്പ‌ശാലകൾ എന്നിവ ഉൾപ്പെടെ സാംസ്കാരിക പരിപാടികൾ മേളയിലുടനീളം നടക്കും.

കൂടാതെ മേളയുടെ ഭാഗമായി 12-ാമത് ഷാർജ രാജ്യാന്തര ലൈബ്രറി കോൺഫറൻസ് നവംബർ 8 മുതൽ 10 വരെ നടക്കും. സന്ദർശകരുടെ സൗകര്യത്തിനായി വിപുലമായ യാത്ര സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. പാർക്കിങ് സൗകര്യം വിപുലീകരിച്ചു, മറൈൻ ട്രാൻസ്പോർട്ട് സർവീസ്, ദുബായിലെ വിവിധ ഇടങ്ങളിൽ നിന്ന് ഷട്ടിൽ ബസ് സർവ്വീസും ഏർപ്പെടുത്തിയിട്ടുണ്ട്.