താമസ വിസ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കുവൈത്ത്

താമസ വിസ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കുവൈത്ത്. ഇതനുസരിച്ച് അഞ്ച് സാഹചര്യങ്ങളിൽ സന്ദർശന വിസ റെസിഡൻസി പെർമിറ്റ് ആക്കി മാറ്റാൻ സാധിക്കും. താമസ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണിതെന്ന് അധികൃതർ വിശദീകരിച്ചു. 

നിയമപരമായ താമസം സാധ്യമാക്കുന്നതിനൊപ്പം രാജ്യത്തിൻ്റെ കുടിയേറ്റ നയങ്ങൾ പാലിക്കുന്നതിനാണ് ഈ നടപടി. ഗവൺമെന്റ് ക്ഷണപ്രകാരം മന്ത്രാലയങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ചെയ്യാൻ എത്തുന്നവർക്ക് ഇത്തരത്തിൽ വിസ മാറ്റാം. യൂണിവേഴ്സ‌ിറ്റി ബിരുദമോ സാങ്കേതിക യോഗ്യതയോ ഉണ്ടായിരിക്കണമെന്ന് മാത്രം. റെസിഡൻസി അഫയേഴ്സ് ജനറൽ അഡ്മ‌ിനിസ്ട്രേഷൻ ഡയറക്ടർ ജനറലിന്റെ അനുമതിയും ഇവർക്ക് ആവശ്യമാണ്. ഗാർഹിക ജോലിക്കായി എത്തുന്നവർക്കും സന്ദർശന വിസ താമസ അനുമതിയാക്കാൻ കഴിയും.

കുടുംബാംഗങ്ങളെ കാണാനോ ടൂറിസം ആവശ്യത്തിനോ എത്തുന്ന കുവൈത്തിൽ നിയമാനുസൃതം താമസിക്കുന്ന കുടുംബാംഗങ്ങളുള്ളവർക്ക് റെസിഡൻസി അനുമതി ലഭിക്കും. വർക്ക് എൻട്രി വിസയിൽ കുവൈത്തിൽ എത്തി താമസ നടപടികൾ ആരംഭിച്ച ശേഷം ഒരു മാസത്തിൽ കവിയാതെ താത്കാലികമായി രാജ്യം വിട്ടവർ തിരിച്ചെത്തിയാൽ അവർക്കും വിസ മാറ്റാം.

റെസിഡൻസി അഫയേഴ്‌സ് ജനറൽ അഡ്‌മിനിസ്ട്രേഷൻ ഡയറക്ടർ ജനറലിൻ്റെ വിവേചനാധികാരപ്രകാരം കൂടുതൽ കേസുകൾ പരിഗണിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. യോഗ്യരായ സന്ദർശകർക്കുള്ള താമസ നടപടികൾ ലളിതമാക്കുകയും കുവൈത്തിന്റെ തൊഴിൽ-സാമൂഹിക മേഖലകളിലേക്കുള്ള സുഗമമായ ലയനം ഉറപ്പാക്കുകയുമാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.