സ്ഫോടനo: ധന സഹായം പ്രഖ്യാപിച്ച് ഡല്‍ഹി സർക്കാർ
ഡല്‍ഹി: ചെങ്കോട്ടക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ ധന സഹായം പ്രഖ്യാപിച്ച് ഡല്‍ഹി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകും. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. ഡല്‍ഹി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ചെങ്കോട്ടയക്ക് അടുത്ത് സ്ഫോടനം നടന്നയുടൻ നിരവധി ആംബുലൻസുകളിൽ പരിക്കേറ്റവരെ 2 കിലോമീറ്ററിന് ഉള്ളിലുള്ള എൽഎൻജെപി ആശുപത്രിയിലേക്കാണ് എത്തിച്ചത്. ആശുപത്രി നൽകിയ വിവരം അനുസരിച്ച് 20 പേരാണ് പരിക്കേറ്റ് ചികിത്സയിൽ ഉള്ളത്. രണ്ടു മൃതദേഹങ്ങൾ ഇന്നലെ രാത്രി തന്നെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട എട്ടു പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
അതേസമയം, സ്ഫോടന കേസ് എൻഐഎ അന്വേഷിക്കും. കേസ് ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി.
അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ഇന്നലെ അടച്ചിട്ടു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ്റെ ഒന്നും നാലും ഗെയ്റ്റുകൾ തുറക്കില്ല.
