ബിഹാറിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച 10,000 രൂപ പുരുഷന്മാരുടെ അക്കൗണ്ടിലും, തിരികെ വേണമെന്ന് സർക്കാർ
ബിഹാറിൽ തെരഞ്ഞെടുപ്പിന്
തൊട്ടു മുമ്പ് നിതീഷ് കുമാർ സർക്കാർ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പണം ചില പുരുഷന്മാരുടെ അക്കൗണ്ടിലേക്കും മാറിയെത്തിയിരിക്കുകയാണ്. ദർഭൻഗ ജില്ലയിലെ 14 പുരുഷന്മാരുടെ അക്കൗണ്ടിലേക്കാണ് പണം മാറി എത്തിയത്. ഇത് ശ്രദ്ധയിൽ പെട്ട സർക്കാർ പണം തിരിച്ചയക്കാൻ ആവശ്യപ്പെട്ടത് വിവാദത്തിലായി.
മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയുടെ ഭാഗമായാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നിതീഷ് കുമാർ സർക്കാർ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്. പണം ലഭിച്ച പുരുഷന്മാരില്‍ ചിലർ പണം തിരികെ നൽകി. എന്നാൽ പണം തിരിച്ചുവേണമെങ്കിൽ തങ്ങൾ നൽകിയ വോട്ട് തിരിച്ചു തരൂവെന്നാണ് ഒരു കൂട്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക പിശക് കാരണം പണം പുരുഷന്മാരുടെ അക്കൗണ്ടിലേക്കും എത്തിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർ ഇവർക്ക് നോട്ടീസ് അയക്കുകയായിരുന്നു.
