46-ാമത് ഗൾഫ് സഹകരണ കൗൺസിൽ ഇന്ന്
ജിസിസി രാഷ്ട്ര തലവൻമാര്‍ ബഹ്റൈനില്‍
46-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിക്കായുള്ള ഒരുക്കം പൂർത്തിയാക്കി ബഹ്റൈൻ. ജിസിസി രാഷ്ട്രങ്ങളുടെ തലവൻമാരെ സ്വീകരിക്കാനായുള്ള തയാറെടുപ്പുകള്‍ ഒരുക്കി. ബഹ്റൈനിലെ തെരുവുകൾ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെയും ജിസിസി നേതാക്കളെയും സ്വാഗതം ചെയ്യുന്ന ബാനറുകളാൽ അലങ്കരിച്ചിട്ടുണ്ട്.
'ഗൾഫ് ഐക്യമാണ് നമ്മുടെ ലക്ഷ്യം, നമ്മുടെ ജനങ്ങളുടെ ഐക്യമാണ് നമ്മുടെ തുടക്കം', 'ശോഭനമായ ഭാവിയിലേക്ക് ഒരുമിച്ച്' തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള ബാനറുകളും തെരുവുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങളിലെ നേതാക്കളുടെയും ആറ് അംഗരാജ്യങ്ങളുടെ പതാകകളുടെയും ചിത്രങ്ങളുമുണ്ട്.
ഉച്ചകോടിക്ക് മുന്നോടിയായി നവംബർ 13 ന് ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ ജിസിസി പവലിയൻ ഉദ്ഘാടനം ചെയ്തിരുന്നു. ഡിസംബർ 16 വരെ പവലിയൻ തുറന്നിരിക്കുമെന്ന് ജിസിസി പവലിയൻ മേധാവി വലീദ് അൽ-ഹമൂദ് പറഞ്ഞു. എട്ടാം തവണയാണ് ബഹ്റൈൻ ജിസിസി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
