തിരു റൗദ സന്ദർശന സമയം പുനഃക്രമീകരിച്ച് സൗദി

പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സന്ദര്‍ശന സമയം മാറ്റി. ഇരു ഹറം കാര്യാലയമാണ്  ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പുതിയ സമയ ക്രമം താഴെ പറയുന്നു;
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പുരുഷന്മാരുടെ സന്ദർശന സമയം പുലര്‍ച്ചെ 2 മണി മുതൽ സുബ്ഹി നമസ്കാരം വരെയും രാവിലെ11:20 മുതൽ ഇശാ നമസ്‌കാരം വരെയും.

സ്ത്രീകളുടെ സന്ദർശന സമയം സുബ്ഹി നമസ്കാരത്തിന് ശേഷം രാവിലെ 11:00 വരെയും ഇശാ നമസ്‌കാരത്തിന് ശേഷം പുലര്‍ച്ചെ 2:00 മണി വരെയും ആയിരിക്കും.

വെള്ളിയാഴ്ച ദിവസങ്ങളിൽ പുരുഷന്മാർക്ക് പുലര്‍ച്ചെ 2:00 മുതൽ സുബ്ഹി നമസ്‌കാരം വരെയും രാവിലെ 9:20 മുതൽ 11:20  വരെയും ജുമുഅ നമസ്‌കാരത്തിന് ശേഷം ഇശാ നമസ്കാരം വരെയും റൗദ കാണാം.

സ്ത്രീകൾക്ക് സുബ്ഹി നമസ്‌കാരത്തിന് ശേഷം രാവിലെ 9:00 വരെയും ഇശാ നമസ്‌കാരത്തിന് ശേഷം പുലര്‍ച്ചെ 2:00  വരെയുമാണ് റൗദ സന്ദർശിക്കാനാകുക. 365 ദിവസത്തിലൊരിക്കൽ 'നുസ്‌ക്' പ്ലാറ്റ്ഫോമിൽ നിന്ന് ലഭിക്കുന്ന പെർമിറ്റ് വഴിയോ പ്രവാചക പള്ളിക്ക് സമീപമുള്ളപ്പോൾ ഇൻസ്റ്റൻറ് റൂട്ട് വഴിയോ ആണ് റൗദാ സന്ദർശനം നടത്താനാകുക. മക്ക ഗേറ്റി(37)ന് മുന്നിലുള്ള തെക്കൻ കോർട്ടിയാർഡിലൂടെയാണ് റൗദയിലേക്ക് പ്രവേശിക്കേണ്ടത്. പ്രായമായവർക്ക് ചട്ടങ്ങൾ അനുസരിച്ച് വീൽ ചെയറിലും റൗദയിൽ പ്രവേശിക്കാമെന്ന് അതോറിറ്റി അറിയിച്ചു.