വഴി മുടക്കി ഇൻഡിഗോ

ദേശീയ, അന്താരാഷ്ട്ര വിമാന യാത്രാക്കാരെ പ്രയാസത്തിലാക്കിയ ഇൻഡിഗോ എയർലൈൻ പ്രതിസന്ധി ഡിസംബർ 10നും 15നുമിടക്ക് പരിഹരിക്കുമെന്ന് സിഇഒ പീറ്റർ എൽബേർസ്. ആയിരത്തോളം സർവീസുകൾ നാളെയും റദ്ദാക്കപ്പെടാം. എന്നാൽ ഡിസംബർ 15ഓടെ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആറ് പ്രധാന മെട്രോ വിമാനത്താവളങ്ങളിലെ ഇൻഡിഗോയുടെ കൃത്യസമയത്തെ പ്രകടനം വ്യാഴാഴ്ച 8.5 ശതമാനമായി കുറഞ്ഞു. അതേസമയം, ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എല്ലാ ആഭ്യന്തര വിമാനങ്ങളും അർദ്ധരാത്രി വരെ റദ്ദാക്കിയതായി എയർലൈൻ അറിയിച്ചു. 400 ലധികം വിമാനങ്ങൾ റദ്ദാക്കി, വിവിധ വിമാനത്താവളങ്ങളിൽ ധാരാളം വിമാനങ്ങൾ വൈകി.
കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ശൃംഖല കാര്യമായി തകരാറിലായെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഇൻഡിഗോ പ്രസ്താവനയിൽ
പറഞ്ഞു. ഡിസംബർ 8 മുതൽ ഫ്ളൈറ്റുകൾ വെട്ടിക്കുറക്കുമെന്നും 2026 ഫെബ്രുവരി 10-നകം സ്ഥിരതയുള്ള പ്രവർത്തനങ്ങൾ പൂർണമായി പുനഃസ്ഥാപിക്കുമെന്നും എയർലൈൻ ഡിജിസിഎയെ അറിയിച്ചു. എഫ്ഡിടിഎൽ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ തെറ്റായ വിലയിരുത്തലും ആസൂത്രണത്തിലെ പാളിച്ചകളും വ്യാപകമായ തടസ്സങ്ങൾക്ക് കാരണമായെന്ന് എയർലൈൻ സമ്മതിച്ചു.
സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു ഇൻഡിഗോയുടെ മാസ് ഫ്ളൈറ്റ് തടസ്സങ്ങൾ അവലോകനം ചെയ്യുകയും വിമാന നിരക്കുകൾ നിയന്ത്രണത്തിലാക്കി പ്രവർത്തനം അടിയന്തരമായി സ്ഥിരപ്പെടുത്താൻ എയർലൈനിനോട് നിർദേശിക്കുകയും ചെയ്തു. പുതിയ FDTL മാനദണ്ഡങ്ങൾക്കായി തയ്യാറെടുക്കാൻ എയർലൈനിന് മതിയായ സമയമുണ്ടെങ്കിലും സുഗമമായ പരിവർത്തനം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കടുത്ത അതൃപ്ത‌ി പ്രകടിപ്പിച്ചു.

വിമാന സർവീസ് പ്രതിസന്ധി കാരണം ഡിജിസിഎ പരിഷ്കരണങ്ങൾ താത്കാലികമായി മരവിപ്പിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു.

-നിരക്ക് ഉയർന്നു 

ഇതിനിടക്ക് അവസരം മുതലെടുത്ത് മറ്റു വിമാന കമ്പനികള്‍. ആഭ്യന്തര 
വിമാന ടിക്കറ്റുകൾക്ക് പോലും 65,000 75,000 നല്‍കേണ്ട അവസ്ഥ.
ദൽഹി,മുംബൈ, ചെന്നൈ, കൊച്ചി, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള
ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് എയർ ഇന്ത്യയും സ്പൈസ് ജെറ്റും. യുഎഇ ഉള്‍പ്പെടെ ഗൾഫ് റൂട്ടിലും നിരക്ക് വര്‍ധിച്ചു.