കാലെകൂട്ടി മുന്നൊരുക്കം, പഴുതടച്ച പ്രവര്‍ത്തനം: മലപ്പുറത്ത് യുഡിഎഫ് കസറി

മലപ്പുറം ജില്ല പഞ്ചായത്തിന് ഇത് പുതു ചരിത്രം. പേരിന് പോലും പ്രതിപക്ഷമില്ല എന്നത് എല്‍ഡിഎഫ്‌ നേതൃത്വത്തിന് തന്നെ നാണക്കേടായി. മാത്രമല്ല, യുഡിഎഫ് വിജയിച്ച പല ഡിവിഷനുകളിലെയും ഭൂരിപക്ഷം നിയമസഭ സീറ്റുകളിലെ ഭൂരിപക്ഷത്തെയും കവച്ചു  വെക്കുന്നതായി. സിപിഎം നേതൃത്വം നല്‍കുന്ന ഇടതു പക്ഷം ജില്ലയില്‍ നാമാവശേഷമായി. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14 ഇടത്തും യുഡിഎഫ് ഭരണം. ഇതില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന് പ്രതിപക്ഷമില്ല.
ജില്ല പഞ്ചായത്തിൽ മൂന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം 30,000ന് മുകളിലാണ്. യാസ്മീന്‍ അരിമ്പ്രയാണ് ഭൂരിപക്ഷത്തില്‍ റെക്കാര്‍ഡ് കുറിച്ചത്, 33,368. ഇത് കൂടാതെ 20,000ന് മുകളിൽ ഭൂരിപക്ഷം ലഭിച്ച ഏഴ് പേരുണ്ട്.15,000ന് മുകളിൽ ഭൂരിപക്ഷം ലഭിച്ചു, ആറ് പേർക്ക്. ഭൂരിപക്ഷം പതിനായിരം കടന്നവര്‍ 9 സ്ഥാനാര്‍ത്ഥികള്‍.
5000 ന് മുകളിൽ ഭൂരിപക്ഷം 5 പേർ. ജില്ലയിലെ മൊത്തം ജില്ല പഞ്ചായത്ത് അംഗങ്ങളുടെ ഭൂരിപക്ഷം കണക്കാക്കിയാല്‍ അഞ്ച് ലക്ഷത്തിനു മുകളില്‍ വരും.
ജില്ല പഞ്ചായത്തില്‍ മുസ്ലിം ലീഗ് കളത്തില്‍ ഇറക്കിയ യുവ മുഖങ്ങൾ മികച്ച മാര്‍ജിനിലാണ് വിജയിച്ചത്. യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ 22,000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വെന്നിക്കൊടി പാറിച്ചത്. എംഎസ്എഫ് നേതാവ് ആയിഷ ബാനു നേടിയത് 24,878 വോട്ടിന്റെ ഭൂരിപക്ഷം. സമസ്തയിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്‌ ഇറങ്ങിയിട്ടും പിഎ ജബ്ബാര്‍ ഹാജി 12,791 വോട്ടിന് വിജയിച്ചതും മുസ്ലിം ലീഗിന് മറ്റൊരു നേട്ടമായി. 

ജില്ലയിലെ 12 നഗരസഭയില്‍ 11ലും യുഡിഎഫ് ഭരണം. 94 ഗ്രാമ പഞ്ചായത്തുകളില്‍ 90 ഗ്രാമപഞ്ചായത്തുകളും യുഡിഎഫ് പ്രസിഡന്റ് നേതൃത്തിലാണ് ഭരണം നടക്കുക.