അമ്പലക്കള്ളന്മാർ കടക്കു പുറത്ത്.. പാര്‍ലമെന്റിന് പുറത്ത് എംപിമാരുടെ പ്രതിഷേധം

ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി പാർലമെൻ്റ് കവാടത്തിൽ പാട്ടു പാടി പ്രതിഷേധിച്ച് യുഡിഎഫ് എംപിമാർ. പത്തനംതിട്ട എംപി ആൻ്റോ ആന്റണിയുടെ നേതൃത്വത്തിൽ 'പോറ്റിയെ കേറ്റിയേ.. സ്വർണ്ണം ചെമ്പായി മാറ്റിയേ..' എന്ന പാട്ടു പാടിക്കൊണ്ടായിരുന്നു യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. കോടതിയുടെ മേൽനോട്ടത്തിൽ സ്വർണ്ണക്കൊള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

"അമ്പലക്കള്ളന്മാർ കടക്കു പുറത്ത്', 'ശബരിമല കള്ളന്മാർ കടക്കു പുറത്ത്' തുടങ്ങിയ മുദ്രാവാക്യങ്ങളും എംപിമാർ ഉയർത്തി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ, ശബരിമല സ്വർണ്ണക്കൊള്ള ദേശീയ തലത്തിൽ തന്നെ പ്രചാരണായുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വർണ്ണക്കൊള്ള കേസിൽ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്ന് യുഡിഎഫ് നേരത്തേ പറഞ്ഞിരുന്നതാണെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. അതുതന്നെയാണ് സംഭവിച്ചത്. കേസ് സിബിഐ അന്വേഷിക്കണം. എന്നാൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടന്നില്ലെങ്കിൽ കേസിൽ അട്ടിമറി ഉണ്ടായേക്കാമെന്ന് ഭയമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.