മുന്‍ എംഎല്‍എക്കെതിരായ ലൈംഗികാതിക്രമ കേസ്; പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്
ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞു മുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമര്‍പ്പിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മൊഴിയിൽ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ട്. ഇതിന് സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു.
കേസിൽ പിടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ പൊലീസിനോട് റിപ്പോർട്ട് തേടിയത്. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് പിടി കുഞ്ഞു മുഹമ്മദിനെതിരെ പരാതി നൽകിയത്.
ഐഎഫ്എഫ്കെയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു കുഞ്ഞു മുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് ഹോട്ടൽ മുറിയിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്‌പദമായ സംഭവം.
ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ വേണ്ടിയുള്ള കമ്മിറ്റിയിൽ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. 12 ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി മുഖ്യമന്ത്രി കൻ്റോൺമെന്റ് പൊലീസിന് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഈ മെല്ലെപ്പോക്ക് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
