തോക്കുധാരിയായ അക്രമിയെ വരിഞ്ഞു കെട്ടിയ ധീരത; അഹമ്മദിന് എങ്ങും പ്രശംസ

അക്രമിയെ വരിഞ്ഞുമുറുക്കി തോക്ക് പിടിച്ചെടുത്തു, സിഡ്‌നിയിൽ ഹീറോ ആയി അഹ്മദ് അൽ അഹ്മദ്; പഴക്കച്ചവടക്കാരൻ രക്ഷിച്ചത് നിരവധി ജീവനുകൾ.
ആസ്ട്രേലിയയിലെ സിഡ്‌നിക്കടുത്ത് വിനോദ സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നായ ബോണ്ടി ബീച്ചിലാണ് സംഭവം. ഇവിടം രക്തക്കളമായി മാറിയത് നിമിഷ നേരം കൊണ്ടായിരുന്നു. കടലും തീരവും ഒന്നിച്ചു ചേരുന്ന മനോഹരമായ പ്രദേശം ഞായറാഴ്ച ആഘോഷലഹരിയിലായിരുന്നു. അവധി ദിനവും, ജൂത ഉത്സവമായ ഹനകയും ഒന്നിച്ചായതോടെ ബോണ്ടി തീരത്ത് ആയിരങ്ങളെത്തി. എന്നാൽ, എല്ലാം നിലച്ച്, കടലോരം രക്തപ്പുഴയായി മാറിയത് നിമിഷ നേരം കൊണ്ടാണ്. ഞായറാഴ്ച വൈകുന്നേരം 6.30ന് രണ്ട് തോക്കുധാരികളായ അക്രമികൾ ജനങ്ങൾക്കു നേരെ തുരുതുരാ വെടിയുതിർത്തു, മരിച്ചു വീണത് 15 പേർ, മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല്‍പ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ സർക്കാർ ഭീകരാക്രമണമായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ, സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് ഒരു സാധാരണക്കാരന്റെ അസാമാന്യ ധീരതയുടെ ദൃശ്യങ്ങളാണ്.