'കോണി കയറി' മുസ്ലിംലീഗ് ജന പ്രതിനിധികളുടെ എണ്ണം


ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടവുമായി മുസ്ലിം ലീഗ്. സീറ്റുകളുടെ എണ്ണത്തില്‍ പാർട്ടിയുടെ ഏറ്റവും മികച്ച മാര്‍ജിനാണ് ഇത്തവണത്തേത്. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പല റിക്കാര്‍ഡുകളും മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കി. 3203 തദ്ദേശ അംഗങ്ങളുമായാണ്  മുസ്ലിം ലീഗിന്റെ വിജയത്തിളക്കം. കോണി ചിഹ്നത്തിൽ മത്സരിച്ച 2843 പേരും സ്വതന്ത്ര ചിഹ്നങ്ങളിൽ മത്സരിച്ചവരും ഉൾപ്പെടെ 3203 അംഗങ്ങളെയാണ് മുസ്ലിംലീഗിന് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാനായത്. ഇതാദ്യമായി കാസർകോഡ് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലും മെമ്പർമാരുണ്ട് എന്നതാണ് ഇത്തവണ മുസ്ലിംലീഗിന്റെ മറ്റൊരു നേട്ടം. കഴിഞ്ഞ തവണ ഒരംഗം പോലുമില്ലാതിരുന്ന പത്തനംതിട്ട ജില്ലയിലും ഏഴ് അംഗങ്ങളുണ്ട്. 2248 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും 300 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും 51 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 36 കോർപ്പറേഷൻ കൗൺസിലർമാരും 568 മുനിസിപ്പൽ കൗൺസിലർമാരുമാണ് ഇപ്രാവശ്യം മുസ്ലിംലീഗിനുള്ളത്. കോൺഗ്രസ്സിനും സിപിഎമ്മിനും തൊട്ടു പിറകെ മൂന്നാം സ്ഥാനവും മുസ്ലിംലീഗ് അരക്കിട്ടുറപ്പിച്ചു. എല്ല ജില്ലകളിലും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പൽ അംഗങ്ങളുള്ള മുസ്ലിംലീഗിന് ഒമ്പത് ജില്ലാ പഞ്ചായത്തുകളിലും അഞ്ച് കോർപ്പറേഷനുകളിലും പ്രതിനിധികളുണ്ട്.