നിയമന കത്ത് കൈമാറുന്നതിനിടെ യുവതിയുടെ നിഖാബ് വലിച്ചുനീക്കി നിതീഷ് കുമാർ; നീചമായ പ്രവൃത്തിയെന്ന് പ്രതിപക്ഷം
പട്ന: നിയമന കത്ത് നൽകുന്നതിനിടെ യുവതിയുടെ നിഖാബ് വലിച്ചു നീക്കി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റായ 'സംവാദ്' ഹാളിൽ വെച്ചാണ് സംഭവം. ആയിരത്തിലധികം ആയുഷ് ഡോക്ടർമാർക്ക് നിയമന കത്തുകൾ നൽകുന്നതായിരുന്നു ചടങ്ങ്. സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച്, നിയമനം ലഭിച്ചവരിൽ 685 പേർ ആയുർവേദ ഡോക്ടർമാരും 393 പേർ ഹോമിയോ ഡോക്ടർമാരും 205 പേർ യുനാനി വൈദ്യശാസ്ത്രം പരിശീലിക്കുന്നവരുമാണ്. ഇവരിൽ 10 പേർക്ക് മുഖ്യമന്ത്രി നേരിട്ട് നിയമന കത്ത് കൈമാറി. ബാക്കിയുള്ളവർക്ക് കത്തുകൾ ഓൺലൈനായി ലഭിച്ചു.
നിഖാബ് ധരിച്ചെത്തിയ നുസ്രത്ത് പർവീൻ നിയമന കത്ത് സ്വീകരിക്കാൻ എത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 75 വയസ്സുകാരനായ മുഖ്യമന്ത്രി മുഖം ചുളിച്ച്, "ഇത് എന്താണ്?" എന്ന് ചോദിച്ചു. തുടർന്ന് ഉയർന്ന പ്ലാറ്റ്ഫോമിൽ നിന്ന അദ്ദേഹം കുനിഞ്ഞ് യുവതിയുടെ നിഖാബ് താഴേക്ക് വലിച്ചു. പരിഭ്രാന്തയായ യുവതിയെ ചടങ്ങിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ ഉടൻ തന്നെ മാറ്റി നിർത്തി. മുഖ്യ മന്ത്രിയുടെ അരികിൽ നിന്നിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, അദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം.
ആർജെഡിയും കോൺഗ്രസും വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ജെഡി (യു) മേധാവിയായ നിതീഷ് കുമാറിന്റെ അസ്ഥിരമായ മാനസികാരോഗ്യത്തിൻ്റെ ഏറ്റവും പുതിയ തെളിവാണിതെന്നും നീചമായ പ്രവൃത്തിയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.
