പോര്‍മുഖം തുറന്ന് നേതാക്കള്‍

 

[] ആര്‍എസ്എസ്സിനെ 
എടുത്തു കുടഞ്ഞ് രാഹുല്‍ ഗാന്ധി 

[] SIR പൗരനെ സംശയത്തിൻ്റെ മുൾമുനയിലാക്കുന്നു: സമദാനി 

[] നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യക്ക് വേണ്ടി: പ്രിയങ്ക ഗാന്ധി
 

ആർഎസ്എസ്സിനെ എടുത്തു കുടഞ്ഞ്  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസ് പിന്തുടരുന്നത് അരാജകത്വമണെന്നും അവർ സമത്വത്തെ പിന്തുണക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വോട്ടിനു വേണ്ടി എല്ലാ സംവിധാനങ്ങളെയും കാൽക്കീഴിലാക്കി, എല്ല ഭരണഘടന സ്ഥാപനങ്ങളെയും ആർഎസ്എസ് പിടിച്ചടക്കുകയാണ്. മഹാത്മഗാന്ധിയുടെ സമത്വം എന്ന ആശയത്തെ ഇവർ ഇല്ലാതാക്കിയെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. ലോക്സ‌ഭയിലെ എസ്ഐആർ ചർച്ചയിലാണ് രാഹുൽ ഗാന്ധി ആർഎസ്എസിനെ കടന്നാക്രമിച്ചത്.

'ഇന്ത്യയിലെ യൂനിവേഴ്‌സിറ്റികളുടെ തലപ്പത്ത് ഇരിക്കുന്നവർ ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ് പലകാര്യങ്ങളും നടപ്പാക്കുന്നത്. ഇതിന് സമാനമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടി. ആർഎസ്എസിന് എതിരെ നിൽക്കുന്നവരെ കേന്ദ്രസർക്കാർ ആക്രമിക്കുകയാണ്. എതിർശബ്ദങ്ങളെ അടിച്ചമർത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു. ഇലക്ഷൻ കമ്മീഷനെ തെരഞ്ഞെടുക്കുന്നത് പോലും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കിയാണ്. മോദിയും അമിത് ഷായും ചേർന്നാണ് എല്ലാം
തീരുമാനിക്കുന്നത് ' എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായി. രാഹുൽ വിഷയത്തിൽ നിന്ന് മാറിപ്പോവരുത് എന്ന് സ്പീക്കർ പറഞ്ഞപ്പോൾ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങൾ തുറന്നു പറയേണ്ടിവരുമെന്ന് രാഹുൽഗാന്ധി തിരിച്ചടിച്ചു. ഇലക്ഷൻ കമ്മീഷൻ എങ്ങനെയാണ് വോട്ട് കട്ട് ചെയ്തതെന്ന് പറയാനാണ് ശ്രമിക്കുന്നത്. പക്ഷേ, ഭരണപക്ഷം നിരന്തരം തന്നെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് രാഹുൽഗാന്ധി പറഞ്ഞു

തെരഞ്ഞെടുപ്പ് നിയമങ്ങൾ ആകെ അട്ടിമറിച്ചു. സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് എന്തിന് നൽകി? ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ്. തൻ്റെ ചോദ്യങ്ങൾക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.

[] എസ്ഐആറിലൂടെ പൗരത്വ രജിസ്റ്ററിലേക്കുള്ള പിൻവാതിൽ തുറക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് ഡോ. എം.പി അബ്ദു‌സ്സമദ് സമദാനി എംപി. തിരഞ്ഞെടുപ്പ് പരിഷ്കാരണം സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വം പരീക്ഷിക്കുക എന്നത് ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിൽപ്പെട്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

അവ്യക്തവും അസ്ഥിരവുമായ മാനദണ്ഡങ്ങൾ വച്ച് രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശത്തെ പരീക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഭരണഘടന നൽകിയ മൗലികാവകാശത്തെ സംവിധാനത്തിന്റെയും ബ്യൂറോക്രസിയുടെയും ഇടപെടലുകളിലൂടെ തകർക്കുന്നത് അനുവദിക്കാനാകില്ല.

വോട്ടവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന ഈ പുതിയ രീതിക്ക് നടപടിക്രമത്തിലെ നീതിയോ സുതാര്യതയോ വിവേചനരാഹിത്യമോ ഇല്ല. പൗരനെ അത് സംശയത്തിൻ്റെ മുൾമുനയിൽ നിർത്തുകയും, തന്റെ സമ്മതിദാനത്തിനുള്ള അർഹത തെളിയിക്കാൻ ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്യുന്നു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഏറ്റവും സാധാരണക്കാരനായ മനുഷ്യന് തന്റെ ശബ്ദം ഫലപ്രദമായി പ്രകടിപ്പിക്കാൻ കഴിയുന്ന ജനാധിപത്യ സംവിധാനത്തെ നിരാകരിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് പരിഷ്കാരം. എസ്ഐആറിൻ്റെ നടപടിക്രമങ്ങളൊന്നും ഭരണഘടനക്ക് നിരക്കുന്നതല്ല. 
തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ 324, 326 എന്നീ വകുപ്പുകളൊന്നും തന്നെ തുല്യാവകാശം ഉറപ്പു നൽകുന്ന 14-ാം വകുപ്പിന് മീതെയല്ലെന്ന് മനസ്സിലാക്കണം. ദക്ഷിണാഫ്രിക്ക, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ വോട്ടവകാശത്തെ ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശമായി അംഗീകരിക്കുകയും അതിന്റെ നിഷേധത്തെ കർക്കശമായ നീതിന്യായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്‌തിട്ടുണ്ട്. അതുപോലുള്ള നടപടി ഇന്ത്യയിലും എടുക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

[] നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യക്ക് വേണ്ടിയാണന്ന് പ്രിയങ്ക ഗാന്ധി. വന്ദേമാതരം ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും വന്ദേമാതരം ആദ്യം പാടിയത് കോൺഗ്രസ് പരിപാടിയിലാണെന്നും പ്രിയങ്ക ഗാന്ധി പാ‍ർലമെൻ്റിൽ പറഞ്ഞു.

പ്രധാനമന്ത്രി തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നത്. കേന്ദ്രത്തിന്റെ പദ്ധതികൾ രാജ്യത്തെ ദുർബലമാക്കുന്നു. ജനങ്ങളുടെ വിഷയങ്ങളല്ല  പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത്. രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണെന്നും പ്രിയങ്ക. മോഡി പ്രധാനമന്ത്രിയായി 12 വർഷം ചെലവഴിച്ചു. ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ആരംഭിച്ചില്ലായിരുന്നുവെങ്കിൽ മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.