ആശങ്കകള്‍ അകന്നു, യുഎഇ പൂര്‍വ്വ സ്ഥിതിയിലേക്ക്: ശൈത്യം ശക്തമാകുന്നു



രണ്ട് ദിവസങ്ങളിലായി ഉരുണ്ട് കൂടിയ ആശങ്കകള്‍ അകന്നു, ഇന്നലെ വൈകിട്ടോടെ യുഎഇയുടെ എല്ല മേഖലകളിലും മഴയുടെ ശക്തി കുറഞ്ഞു, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം. പുലര്‍ച്ചെ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു.

നഗരസഭ തൊഴിലാളികള്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ ജോലികള്‍ നടത്തി വരുന്നു. പ്രധാന റോഡുകളില്‍ രൂപം കൊണ്ട വെള്ള കെട്ടുകള്‍ നീക്കുന്ന ജോലി പൂര്‍ത്തിയാക്കി വരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലേക്കെത്തി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളുടെ സര്‍വീസിനെ മഴ ബാധിച്ചിരുന്നു, ചില വിമാനങ്ങള്‍ റദ്ദാക്കി, ഏറെ വിമാനങ്ങള്‍ സമയം തെറ്റി പറന്നു.

അബുദാബിയിലെ എല്ലാ പാർക്കുകളും ബീച്ചുകളും വീണ്ടും തുറന്നു. എങ്കിലും 
സുരക്ഷാ നടപടികൾ പാലിക്കുന്നത് തുടരണമെന്ന് അധികൃതര്‍ പൊതു ജനങ്ങളെ ഉണര്‍ത്തി. ദുബൈ നഗരസഭ താത്കാലികമായി പ്രവേശനം നിരോധിച്ച ബീച്ചുകള്‍, പാര്‍ക്കുകള്‍, ഓപ്പണ്‍ എയര്‍ മാര്‍ക്കറ്റുകള്‍ ഇന്നലെ വൈകുന്നേരത്തോടെ സാധാരണ നിലയിലായി.  മുഹൈസിന നാലില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ഭാഗത്ത് നിലം വിണ്ടു കീറിയതിനാല്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 
ദുബൈ ഷാർജ ഫെറി സര്‍വീസ് നിര്‍ത്തി വെച്ചിരിക്കയാണ്. ഗ്ലോബല്‍ വില്ലേജ് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. മിക്ക എമിറേറ്റുകളിലും വ്യവസായ മേഖല ഏരിയകള്‍ ഇനിയും പൂര്‍ണ്ണമായും പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയുമുണ്ട്. വെയര്‍ഹൗസുകളില്‍ വെള്ളം കയറിയും നാശനഷ്ടം സംഭവിച്ചു.

രാജ്യത്ത് ശൈത്യം കടുക്കുന്നു. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില ഇന്ന് (ഡിസംബർ 20) പുലർച്ചെ രേഖപ്പെടുത്തി.
റാസൽഖൈമയിലെ ജെബൽ ജെയ്‌സ് മലനിരകളിലാണ് 3.5°C താപനില രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 12 മണിയോടെയാണ് രാജ്യത്തെ വിറപ്പിച്ച ഈ കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും മലയോര മേഖലകളിൽ തണുപ്പ് കൂടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.