തല്ലി കൊന്നതാണ്, അതിഥി തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട വിചാരണ


'അടികിട്ടാത്ത ഒരു ഭാഗം പോലും ശരീരത്തിലില്ല:  ഫോറന്‍സിക്‌ സര്‍ജന്‍ പറയുന്നു. ഒരു മനുഷ്യനെയാണ് മൃഗത്തെ പോലെ തല്ലിക്കൊന്നത്' ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു. ശരീരത്തിൻ്റെ പലയിടങ്ങളിൽ ഉണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നാണ് യുവാവ് മരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഷ്‌ടാവല്ല, ക്രിമിനൽ പശ്ചാത്തലമില്ല; രണ്ടു കുഞ്ഞുങ്ങളടങ്ങുന്ന കുടുംബം പോറ്റാനാണ് കേരളത്തില്‍ എത്തിയത്.

ബുധനാഴ്ച‌ പാലക്കാട് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ വയ്യാർ (31) മോഷ്ടാവാണെന്ന ആരോപണം കുടുംബം തള്ളി. കെട്ടിട നിർണാണ മേഖലയിൽ തൊഴിലെടുക്കുന്നതിനാണ് കേരളത്തിൽ എത്തിയത്, നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ലാത്ത ആളാണെന്നും ബന്ധു ശശികാന്ത് പറഞ്ഞു. കെട്ടിട നിർമ്മാണ 'ജോലിക്കായി നാലുദിവസം മുമ്പാണ് രാംനാരായൺ പാലക്കാട്ടെത്തിയത്.

എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ട്. കുടുംബം പോറ്റുന്നതിന് ജോലിയെടുക്കാനാണ് ഇവിടെ വന്നത്'. എന്നാൽ, ഇവിടത്തെ ജോലി ഇഷ്‌ടപ്പെട്ടിരുന്നില്ല. അതിനാൽ നാട്ടിലേക്ക് തിരിച്ചുവരാനിരുന്നതാണ്. അതിന് ഇടയിൽ ആണ് ഇത് സംഭവിച്ചത് എന്നാണ് ബന്ധു പറയുന്നത്. ഒരു ക്രിമിനൽ റെക്കോഡുമില്ലാത്ത ആളാണ്. നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ല. മാനസികമായി ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഇല്ല എന്നും ബന്ധു പറഞ്ഞു.

രാം നാരായൺ ഇവിടെ പുതിയ ആളാണ്. അത് കൊണ്ട് ഇവിടുത്തെ വഴി ഒന്നും അദ്ദേഹത്തിന് അറിയില്ല. എങ്ങനെയോ വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തിപ്പെട്ടതാകാം എന്നും ബന്ധു പറഞ്ഞു. മദ്യപിക്കാറുണ്ട്. എന്നാൽ, ആരുമായും ഒരു പ്രശ്ന‌ത്തിനും പോകാറില്ല ബന്ധു ശശികാന്ത് ബഗേൽ പറഞ്ഞു.

ബുധനാഴ്ച‌യാണ് കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ രാംനാരായൺ ആൾക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെ തുടർന്ന് പിന്നീട് മരണപ്പെട്ടത്. സംഭവത്തില്‍ കിഴക്കേ അട്ടപ്പള്ളം അനന്തൻ(55), ബിജെപി - ആർഎസ്എസ് പ്രവർത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു(38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ്(34), സി മുരളി(38), കിഴക്കേ അട്ടപ്പള്ളം കെ ബിബിൻ (30) എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.