മിഡിൽ ഈസ്റ്റിലെ ആദ്യ ഇലക്ട്രിക് വാഹന നവീകരണ കേന്ദ്രം സൗദിയിൽ സജ്ജമായി

മിഡിൽ ഈസ്റ്റിലെ ആദ്യ ഇലക്ട്രിക് വാഹന നവീകരണ കേന്ദ്രം സൗദി അറേബ്യയിൽ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വികസിത ഇലക്ട്രിക് വാഹന നിർമാതാവായ ലൂസിഡ് ഗ്രൂപ്പ് സൗദിയിലെ കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ്റ് ടെക്നോളജിയുമായി സഹകരിച്ചാണ് കേന്ദ്രം വികസിപ്പിച്ചെടുത്തത്.

ഇരു കക്ഷികളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ രണ്ടാം ഘട്ടമാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യക്ഷമതയും പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതാണ് കേന്ദ്രത്തിൻ്റെ പ്രവർത്തനം. ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുക, നവീകരണത്തെ പിന്തുണയ്ക്കുക, സുസ്ഥിര സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും സൗദി അറേബ്യയെ സാങ്കേതിക നവീകരണത്തിൻ്റെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനെ പിന്തുണയ്ക്കുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാ ഗമാണിതെന്ന് ലൂസിഡിൻ്റെ ഇടക്കാല സിഇഒ മാർക്ക് വിന്റർഹോഫ് പറഞ്ഞു. കമ്പനിയുടെ എഞ്ചിനീയറിങ് വൈദഗ്ധ്യവും കാക്‌റ്റിൻ്റെ വികസിത ഗവേഷണ കഴിവുകളും സംയോജിപ്പിച്ച് സാങ്കേതിക കഴിവുകൾ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, സ്‌മാർട്ട് സിസ്റ്റങ്ങൾ എന്നീ മേഖലകളിൽ ഭാവി സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ പ്രാപ്‌തമാക്കുന്ന നിർണായക ചുവടാണ് കേന്ദ്രമെന്ന് കാക്സ്റ്റിന്റെ ഗവേഷണ-വികസന മേഖലയിലെ ഫസ്റ്റ് വൈസ് പ്രസിഡൻ്റ് തലാൽ അൽ-സുദൈരി ചൂണ്ടിക്കാട്ടി. കാക്സ്റ്റ് പ്രസിഡൻ്റ് ഡോ. മുനീർ അൽ ദെസൂക്കിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.