'നിരോധനം' മറികടന്ന ജൈത്രയാത്ര: പഴയ കടപ്പുറത്ത് പുതിയ കോട്ട കെട്ടി മുസ്ലിം ലീഗ്


സംസ്ഥാനത്ത് എവിടെയും ഇല്ലാത്ത ഒരു 'ചട്ടം' ഉണ്ടായിരുന്ന പ്രദേശമാണ് കാഞ്ഞങ്ങാട് പഴയ കടപ്പുറം. ഇവിടെയാണ്‌ സിപിഎം പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 

വര്‍ഷങ്ങളോളം 'മുസ്ലിം ലീഗ് നിരോധിത മേഖല' എന്ന ബോര്‍ഡും വെച്ചു. സിപിഎം അടക്കി ഭരിച്ച കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് കരുത്ത് കാട്ടി തിരിച്ചടിച്ചു, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ്. പഴയ കടപ്പുറം ഉള്‍ക്കൊള്ളുന്ന രണ്ട് വാര്‍ഡുകളിലും ഇനി മുസ്ലിംലീഗ് സാരഥികള്‍ നഗരസഭ മെമ്പര്‍മാര്‍.

കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശ മേഖലയായ പഴയ കടപ്പുറത്ത് ആണ് മുസ്ലിംലീഗ് ലീഗിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. മാത്രമല്ല വിലക്ക് സൂചിപ്പിച്ചു 'ലീഗ് നിരോധിത മേഖല' എന്ന ബോര്‍ഡും സ്ഥാപിച്ചു. മുസ്ലിം ലീഗിന് ചെറുതല്ലാത്ത അംഗങ്ങള്‍ ഉണ്ടെങ്കിലും സിപിഎമ്മിന്റെ തിട്ടൂരം കേട്ട് അവരും ശാന്തമായി ഒതുങ്ങി കൂടി. ഈ പ്രദേശത്തിന്റെ ചുറ്റു ഭാഗവും മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങള്‍ കൂടിയാണ്.  

എന്നാല്‍, ഇക്കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ ജനകീയ സ്ഥാനാര്‍ത്ഥിളെ കളത്തിലിറക്കി പഴയ കടപ്പുറം ഭാഗം ഉള്‍ക്കൊള്ളുന്ന രണ്ട് വാര്‍ഡുകളിലും ഹരിതക്കൊടി നാട്ടി മുസ്ലിം ലീഗ്. മറ്റു പാര്‍ട്ടിക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മതില്‍ കെട്ടി കാത്ത കോട്ടയുടെ അടിമണ്ണ് ഇളകി തുടങ്ങിയത്‌ പ്രാദേശിക സിപിഎം നേതാക്കള്‍ അറിഞ്ഞില്ല. ഇതോടെ പഴയ കടപ്പുറം ഭാഗം സിപിഎമ്മിനും ഇടതു മുന്നണിക്കും നഷ്ടമായി, പഴയ കടപ്പുത്തെ തോല്‍വി ഇടത് മുന്നണിക്ക് വലിയ നാണക്കേടുമായി.  വോട്ടെണ്ണി പരാജയം ഉറപ്പായതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പാലം വലിച്ചു എന്ന രീതിയിലുള്ള   എല്‍ഡിഎഫ്‌ വാട്സാപ്പ് ഗ്രൂപ്പ് ചര്‍ച്ചയിലെ വോയിസ് പുറത്താവുകയും ചെയ്തു.

കാഞ്ഞങ്ങാട് നഗരസഭ 35, 37 വാര്‍ഡുകളാണ് പഴയ കടപ്പുറം ഭാഗം. ഇതില്‍ വാര്‍ഡ് 37 മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത് വന്‍ ഭൂരിപക്ഷമാണ്, 212 വോട്ട്. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായ വാഹിദ അഷ്റഫ്  598 വോട്ടുകള്‍ നേടി. എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ നജ്മ റാഫി 386 വോട്ടില്‍ ഒതുങ്ങി. വാര്‍ഡ് 35 മുസ്ലിംലീഗ് നേതാവ് പുഞ്ചാവി മൊയ്ദു പിടിച്ചെടുത്തത് 88 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. ഇരു സീറ്റുകളും എല്‍ഡിഎഫ്‌ ഉറപ്പിച്ച വാര്‍ഡുകള്‍ ആയിരുന്നു.