കുവൈത്തിൽ പ്രവാസികൾക്ക് പുതിയ താമസ നിയമം


കുവൈത്തിൽ  പ്രവാസികളുടെ താമസവുമായി ബന്ധപ്പെട്ട പുതിയ  ചട്ടങ്ങൾ നിലവിൽ വന്നു.  
ഇതനുസരിച്ച് പ്രവാസികളുടെ താമസം, എൻട്രി-വിസിറ്റ് വിസകൾ, ഗാർഹിക തൊഴിലാളികൾ, വിദേശ നിക്ഷേപകർ, പുതിയ ജനന രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് പുതുക്കിയിരിക്കുന്നത്.

എല്ലാ എൻട്രി, വിസിറ്റ് വിസകള്‍ക്കും ഒരു മാസത്തിന് 10 കുവൈത്തി ദിനാർ ഫീസ് ഏർപ്പെടുത്തി ഏകീകരിച്ചു. താമസ പെർമിറ്റ് കൈവശമുള്ള ഗാർഹിക തൊഴിലാളികൾക്ക് നാല് മാസത്തിൽ കൂടാത്ത കാലയളവ് കുവൈത്തിന് പുറത്ത് തുടരാൻ അനുവാദമുണ്ടെന്നും ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, സ്പോൺസർ ഔദ്യോഗിക എക്‌സിറ്റ് പെർമിറ്റിന് അപേക്ഷിക്കാതെ ഈ കാലയളവ് കവിഞ്ഞാൽ താമസ പെർമിറ്റ് റദ്ദാക്കപ്പെടും. നിയമം നിലവിൽ വരുന്നതിന് മുമ്പ് പുറത്തു പോയവർക്ക് ഈ വ്യവസ്ഥ ബാധകമല്ല.

നിയമത്തിലെ മറ്റൊരു പ്രധാന വ്യവസ്ഥ പ്രവാസികളുടെ കുട്ടികളുടെ ജനന രജിസ്ട്രേഷനുമായി ബന്ധപ്പെട്ടതാണ്.
കുഞ്ഞുങ്ങളെ ജനനത്തിന് ശേഷം 4 മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം. കാലയളവ് അവസാനിച്ചതിന് ശേഷം, ആദ്യ മാസത്തേക്ക് പ്രതിദിനം 2 കുവൈത്ത് ദിനാർ പിഴ ചുമത്തും. അതിനുശേഷം രജിസ്ട്രേഷൻ പൂർത്തിയാകുന്നതുവരെ പ്രതിദിനം 4 കുവൈത്ത് ദിനാർ ആയി പിഴ വർധിക്കും. പുതിയ നിബന്ധന പ്രകാരം ഗാർഹിക തൊഴിലാളികൾക്കും സമാന വിഭാഗങ്ങൾക്കും വിസ നൽകുന്നതിന് പ്രായം 21-ന് താഴെയോ 60-ന് മുകളിലോ ആകരുത്.