പുതു വര്‍ഷം: വിസ്മയ രാവ് ഒരുക്കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ദുബൈ
പുതു വര്‍ഷത്തോട് ഒപ്പം ദുബൈയില്‍ ചരിത്രവും പിറക്കും പുതു വര്‍ഷത്തെ വരവേൽക്കാൻ വിസ്മയ രാവ് ഒരുക്കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ദുബൈ. ആഘോഷത്തില്‍ ചരിത്രം പിറക്കുന്ന രാവ് കൂടിയാവും ഇത്തവണ ദുബൈയിലെ പുതു വര്‍ഷ പിറവി.
ഡിസംബർ 31ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ 48 വെടിക്കെട്ടുകളാണ് അരങ്ങേറുക. കഴിഞ്ഞ വർഷം ഇത് 36 കേന്ദ്രങ്ങളിലായിരുന്നു, ആഘോഷം ഇത്തവണ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ 23,000 സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിക്കുമെന്ന് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു.
വെടിക്കെട്ട്-പ്രധാന കേന്ദ്രങ്ങൾ: ബുർജ് ഖലീഫയെയും ഡൗൺടൗൺ ദുബൈയെയും കൂടാതെ ഒട്ടേറെ കേന്ദ്രങ്ങളിൽ ഇത്തവണ ആകാശം വർണാഭമാകും. ബുർജ് അൽ അറബ്, പാം ജുമൈറ, ദുബൈ ഫ്രെയിം, എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ്. മറ്റ് സ്ഥലങ്ങൾ: ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബൈ ക്രീക്ക് ഹാർബർ, ബ്ലൂവാട്ടേഴ്സ് (ജെബിആർ), അൽ സീഫ്, ഹത്ത, ടൗൺ സ്ക്വയർ, ലാമെർ തുടങ്ങിയയിടങ്ങളിലും വർണക്കാഴ്ചകളുണ്ടാകും.
സുരക്ഷയ്ക്കായി 23,000 പേരടങ്ങുന്ന കാവൽപ്പട - ചരിത്രത്തിലെ ഏറ്റവും വലിയ
പുതുവത്സരാഘോഷത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ദുബൈ നഗരം ഇനി സുരക്ഷയുടെ കരുത്തുറ്റ വലയത്തിൽ. ആഘോഷങ്ങൾക്കിടെ യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ 23,386 പേരടങ്ങുന്ന വൻ സുരക്ഷാ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിൽ 9,884 പൊലീസ് ഉദ്യോഗസ്‌ഥരും 13,502 സ്വകാര്യ സുരക്ഷാ ജീവനക്കാരും ഉൾപ്പെടുന്നു. കരയിലും കടലിലും ഒരുപോലെ നിരീക്ഷണം ഉറപ്പാക്കാൻ 1,625 പട്രോളിങ് വാഹനങ്ങളും 53 മറൈൻ ബോട്ടുകളും സദാസമയവും രംഗത്തുണ്ടാകും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 1,754 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെയും 165 അഗ്നിശമന വാഹനങ്ങളെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കും.
ഗതാഗതത്തിന് വൻ സജ്‌ജീകരണം: ആഘോഷങ്ങളിൽ പങ്കുചേരാൻ എത്തുന്നവർക്കായി ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 14,000 ടാക്സികൾ, 1,300 പൊതു ബസുകൾ, 107 മെട്രോ ട്രെയിനുകൾ എന്നിവ രാപ്പകൽ ഓടും.
യാത്രക്കാർക്കായി മെഡിക്കൽ സംഘവും സുസജ്ജമാണ്. 236 ആംബുലൻസുകളും 1,900 ആരോഗ്യ പ്രവർത്തകരും സേവനത്തിനായി രംഗത്തുണ്ടാകും.
യാത്രക്കാർ ശ്രദ്ധിക്കാൻ: തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ മാസം 31-ന്
വൈകിട്ട് 4 മുതൽ ഡൗൺടൗൺ ഭാഗത്തെ റോഡുകൾ ഘട്ടങ്ങളായി അടക്കും. ശൈഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ ഭാഗിക നിയന്ത്രണമുണ്ടാകും.
ആഘോഷങ്ങൾ കാണാൻ എത്തുന്നവർ ഗതാഗതക്കുരുക്കിൽപ്പെടാതിരിക്കാൻ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി മെട്രോയും ബസുകളും പരമാവധി ഉപയോഗിക്കണമെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നിർദേശിച്ചു.
