ഹൈദര്‍ അലി ശിഹാബ് തങ്ങൾ പുരസ്കാരം സുബൈര്‍ ഹുദവിക്ക്
ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ രണ്ടാമത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക പുരസ്കാരം ഡോ. സുബൈര്‍ ഹുദവി ചേകനൂരിന്.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചെയര്‍മാനും ഇ.ട്ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. എംകെ മുനീര്‍ എംഎല്‍എ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഉത്തരേന്ത്യയിലെ പിന്നോക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് ഡോ. സുബൈര്‍ ഹുദവിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
അറബി, ഇംഗ്ളീഷ്, ഉർദു, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, പ്രഭാഷണമേഖലയിലും അക്കാദമിക രംഗത്തുമുള്ള മികവ് ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടത്തുന്ന വിവിധ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനം തുടങ്ങിയവയും അവാര്‍ഡ് ജൂറി പരിഗണിച്ചു.
ബിഹാറിലെ കിഷന്‍ഗഞ്ച് ആസ്ഥാനമായ
ഖുര്‍തുബ ഫൗണ്ടേഷന് കീഴില്‍ സമന്വയ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുകയും ഒരു പ്രദേശത്തിന്റെ തന്നെ വിദ്യാഭ്യാസ ശ്രമങ്ങള്‍ക്കുള്ള ഉറവയും ഉണര്‍വുമായി സ്ഥാപനത്തെ വളര്‍ത്തിയെടുക്കാനും സുബൈര്‍ ഹുദവി നടത്തിയ ശ്രമങ്ങൾ തുല്യതയില്ലാത്തതാണ്. സ്വന്തം നാടിന്റെ സൗകര്യങ്ങള്‍ മാറ്റി വെച്ചു സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സമൂഹത്തിനായി ആയിരക്കണക്കിന് കിലോ മീറ്ററുകള്‍കപ്പുറം ആയുസ്സ് ചിലവഴിക്കുന്ന സുബൈര്‍ ഹുദവിയുടെത് ത്യാഗ പൂര്‍ണ്ണമായ വിദ്യാഭ്യാസ പരിഷ്കരണ പ്രവര്‍ത്തനമാണ് എന്നും അവാര്‍ഡ് ജൂറി വിലയിരുത്തി.
ഡിസംബർ ആറിന് ഷാർജ കെഎംസിസി സംഘടിപ്പിക്കുന്ന ഈദുല്‍ ഇത്തിഹാദ് യുഎഇ ദേശീയ ദിനാഘോഷ പരിപാടിയില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അവാര്‍ഡ് ഡോ. സുബൈര്‍ ഹുദവിക്ക് സമ്മാനിക്കും. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് മുഖ്യാതിഥികള്‍ ആണ്. അറബ് പ്രമുഖരും വിവിധ തുറകളിലെ വിശിഷ്ട വ്യക്തികളും പരിപാടിയില്‍ സംബന്ധിക്കും.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാർജ കമ്മ്യൂണിറ്റി ഹാളില്‍ വൈകുന്നേരം ആറ് മണി മുതലാണ് പരിപാടി.
