സോറി' പറഞ്ഞു, പ്രിന്‍സിപ്പല്‍ കേൾക്കാനോ പൊറുക്കാനോ തയ്യാറായില്ല; കെട്ടിടത്തിൽ നിന്നും ചാടി എട്ടാം ക്ലാസുകാരൻ, നില ഗുരുതരം

നാല് മിനിറ്റിൽ 52 തവണ പ്രിൻസിപ്പലിനോട് 'സോറി' പറഞ്ഞു, കേൾക്കാനോ പൊറുക്കാനോ തയ്യാറായില്ല. കെട്ടിടത്തിൽ നിന്നും ചാടി എട്ടാം ക്ലാസുകാരൻ, വീഴ്ചയുടെ ആഘാതത്തില്‍ കുട്ടി യുടെ നില ഗുരുതരം. മധ്യപ്രദേശിലാണ് സംഭവം. സ്കൂളിൻ്റെ മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച എട്ടാം ക്ലാസ്സുകാരന്‍ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ മരണത്തോട് മല്ലിടുന്നു. മധ്യപ്രദേശിലെ രത്നാമി ഡോംഗ്രെ നഗറിലെ സ്‌കൂളിൻ്റെ മൂന്നാം മുകളിലെത്തിയ കുട്ടി താഴേക്ക് ചാടുകയായിരുന്നു.

കുട്ടി വ്യാഴാഴ്‌ച സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്ന് ക്ലാസ് മുറിയിലെ വീഡിയോ റെക്കോർഡ് ചെയ്‌ത്‌ സോഷ്യൽ മീഡിയയിൽ അപ്ലോഡും ചെയ്‌തു. പിന്നാലെ സ്‌കൂൾ നിയമങ്ങൾ ലംഘിച്ചെന്ന് പറഞ്ഞാണ് കുട്ടിയുടെ മാതാപിതാക്കളെ അധികൃതർ വിളിച്ചുവരുത്തിയത്. ഇതിന് പിന്നാലെ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. കുട്ടി പ്രിൻസിപ്പലിൻ്റെ ഓഫീസിൽ പ്രവേശിക്കുകയും ഏകദേശം നാല് മിനിറ്റിൽ 52 തവണ "ക്ഷമിക്കണം" എന്ന് ആവർത്തിച്ചു പറയുന്നുണ്ടെന്നുമാണ് പൊലീസ് സ്കൂളിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ, പ്രിൻസിപ്പൽ ഇത് കേൾക്കാൻ തയ്യാറായില്ലെന്നും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മനോ വിഷമത്തിലായ കുട്ടി സ്‌കൂൾ കെട്ടിടത്തിൽ നിന്നും ചാടിയെന്നുമാണ് റിപ്പോർട്ട്.