ദുബൈയില്‍ ജ്വല്ലറി കവര്‍ച്ച; ജീവനക്കാരായ രണ്ട് മലയാളികള്‍ പ്രതികള്‍
ദുബൈ ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോയിലധികം സ്വർണം തട്ടിയെടുത്ത കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും വിധിച്ചു.
കോട്ടയം സ്വദേശികളായ അജ്‌മൽ കബീർ, മുഹമ്മദ് അജാസ് എന്നിവരാണ് പ്രതികൾ. ഇതിൽ അജ്മൽ കബീറിനെ ദുബൈ പൊലീസ് പിടികൂടിയെങ്കിലും മുഹമ്മദ് അജാസ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിരുന്നു.
മുഹമ്മദ് അജാസ് ആറുവർഷമായി ജ്വല്ലറിയിൽ മാനേജറായി പ്രവർത്തിച്ചുവരികയാണ്. മോഷണത്തിൻ്റെ ആസൂത്രകൻ ഇയാളാണെന്ന് സംശയിക്കുന്നു. ജ്വല്ലറിയിലെ സൂപ്പർ വൈസർ കം സെയിൽമാനാണ് മുഹമ്മദ് കബീർ. ഇരുവരും ചേർന്ന് കൃത്യമായ ആസൂത്രണത്തോടെ 2022-2023 കാലയളവിലാണ് മോഷണം നടത്തിയത്.
ദുബൈയിൽ പ്രവർത്തിക്കുന്ന ചിറ്റിലപ്പള്ളി ജ്വല്ലേഴ്സിൽനിന്ന് അഹമ്മദ് കബീർ വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് വാങ്ങിയ 120 ഗ്രാം സ്വർണം തിരികെ ലഭിക്കാതെ വന്നതോടെ ഇവർ റിച്ച് ഗോൾഡ് ജ്വല്ലറി ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം നഷ്‌ടപ്പെട്ട വിവരം വ്യക്തമായത്. നാട്ടിലായിരുന്ന അഹമ്മദ് കബീറിനെ വിവാഹത്തിനുശേഷം ദുബൈയിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
