ദുരന്തം ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാലിലാണ് അപകടം സംഭവിച്ചത്. സീതാംഗോളിയിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന കന്യപ്പാടി മാടത്തടുക്കയിലെ മുഹമ്മദ് സൈനുദ്ദീൻ (29) ആണ് മരിച്ചത്.
ബുധനാഴ്ച, ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ എസ്ബിഐ ബാങ്കിന് മുൻപിലായിരുന്നു സംഭവം. പെട്രോൾ പമ്പിൽ രാവിലെ ജോലിക്കായി സ്‌കൂട്ടറിൽ പോകുന്നതിനിടെ മുഹമ്മദ് സൈനുദ്ദീൻ അപകടത്തിൽപ്പെടുകയായിരുന്നു. കാറുമായുണ്ടായ ശക്തമായ കൂട്ടിയിടിയിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. കാറിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
യൂത്ത് ലീഗ് ശാഖാ ജന. സെക്രട്ടറിയാണ് മുഹമ്മദ് സൈനുദ്ദീൻ. അബ്‌ദുൽ റഹ്‌മാൻ-ആയിഷ ദമ്പതികളുടെ മകനാണ്. ഫൗസിയയാണ് ഭാര്യ. ഇബാൻ ഏക മകനാണ്. സഹോദരങ്ങൾ: അബ്‌ദുൾ ഖാദർ, റസിയ.
മുഹമ്മദ് സൈനുദ്ദീന്റെ അപ്രതീക്ഷിത മരണവാർത്തയുടെ നടുക്കത്തിലാണ് നാട്.
