ഇന്ത്യ- ഒമാന്‍ വ്യാപാര കരാര്‍ കരടിന് ഒമാൻ ഷൂറ കൗൺസില്‍ അംഗീകാരം

ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര വ്യാപാര കരാറിന്റ കരടിന് ഒമാൻ ഷൂറ കൗൺസില്‍ അംഗീകാരം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ മേഖലകളിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന സുപ്രധാന നീക്കമാണിത്. മന്ത്രിസഭ കൗൺസിൽ നൽകിയ കരട്, വിശദമായ ചർച്ചകൾക്കും സാമ്പത്തിക, ധനകാര്യ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചതിനും ശേഷമാണ് ഷൂറ കൗൺസിൽ അംഗീകരിച്ചത്.

ദേശീയ വികസന മുൻഗണനകൾക്ക് അനുസൃതമായി സാമ്പത്തിക മത്സരക്ഷമത ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് കരാറെന്ന് ഷുറ കൗൺസിൽ വിലയിരുത്തി. കൂടാതെ രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക സ്ഥിരതയെ പിന്തുണയ്ക്കുന്ന നയപരമായ നീക്കമാണെന്നും ഷൂറാ കൗൺസിൽ വ്യക്തമാക്കി. സാമ്പത്തിക-ധനകാര്യ സമിതി സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അംഗീകാരം.

കസ്റ്റംസ് തീരുവകൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിലൂടെ ഉഭയകക്ഷി വ്യാപാരം വിപുലപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു. ഒമാനി ഉൽപ്പന്നങ്ങളുടെ ആഗോള തലത്തിലെ സാന്നിധ്യം ശക്തമാക്കാനും സാമ്പത്തിക മേഖലയ്ക്ക് കൂടുതൽ ഊർജം പകരാനും ഈ ഉടമ്പടിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. വിശദമായ ചർച്ചകൾക്കൊടുവിൽ കരട് ഷൂറാ കൗൺസിൽ അംഗീകരിച്ചു. തുടർനടപടികൾക്കായി ഇത് മന്ത്രിസഭാ കൗൺസിലിന് കൈമാറി.