കോടതി കുടഞ്ഞു; വീണ്ടും അറസ്റ്റ്
ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം. സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെയും എസ്ഐടി അറസ്റ്റ് ചെയ്തു. ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്‌ണൻ പോറ്റി കൈമാറിയത് സ്മാർട്ട് ക്രിയേഷൻസിനായിരുന്നു. ശിൽപത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും.
സ്വർണക്കൊള്ളയിൽ ഇരുവർക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്. സ്വർണപ്പാളികൾ വേർതിരിച്ചെടുക്കുന്നതിന് പങ്കജ് ഭണ്ഡാരി എല്ലാ വിധ പിന്തുണ നൽകിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഗോവർധനാണ് ഈ സ്വർണം സൂക്ഷിച്ചത്. ശബരിമലയിലെ സ്വർണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവർധൻ സ്വർണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്ഐടിക്ക് ലഭിച്ചു.
മാത്രവുമല്ല, പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒന്നിലധികം തവണ ഇടപെടൽ നടത്തി. അന്വേഷണം വഴിതിരിച്ചുവിടാൻ ഇയാൾ വൈരുദ്ധ്യമുള്ള മൊഴികൾ നൽകി. സ്മാർട്ട് ക്രിയേഷനിൽ സ്വർണത്തിൻ്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകൾ പങ്കജ് ഭണ്ഡാരി നശിപ്പിച്ചെന്നും എസ്ഐടി കണ്ടെത്തിയിരുന്നു
ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. അന്വേഷണത്തിൽ എസ്ഐടി ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു.
