വിലക്ക് ലംഘിച്ച് വാദി മുറിച്ചു കടക്കാന്‍ ശ്രമിച്ചു പിടിയിലായി


ഒമാനിലെ ഖസബിൽ വാദിയിലെ വെള്ളപ്പൊക്കത്തിൽപ്പെട്ട കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കമുള്ള വാദി മുറിച്ചുകടക്കാൻ ശ്രമിച്ചതിന് പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു. മഴക്കാലത്ത് വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

റോയൽ ഒമാൻ പൊലീസാ(ആർഒപി)ണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയിൽ വെള്ളം നിറഞ്ഞൊഴുകിയ മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിലെ വാദിയിലാണ് സംഭവം നടന്നത്. വെള്ളമുള്ള വാദി മുറിച്ചുകടക്കാൻ ശ്രമിച്ചതിലൂടെ തന്റെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കിയതിനാണ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  

സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റി സംഘങ്ങളാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഗുരുതര പരിക്കുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. മഴക്കാലത്ത് വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും ഒമാന്റെ ചില ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥയുള്ളതിനാൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കാനും വാഹനമോടിക്കുന്നവരോട് ആർഒപി ആഹ്വാനം ചെയ്‌തു.