വാളയാർ വംശീയ കൊല: തെളിവുണ്ടായിട്ടും ആൾക്കൂട്ട കൊലപാതക വകുപ്പ് ചുമത്താതെ പൊലീസ്
പാലക്കാട് വാളയാറിലെ കൊലപാതകത്തിൽ ആൾക്കൂട്ട കൊലപാതകം എന്ന വകുപ്പ് ചുമത്താതെ പൊലീസ്. കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പറഞ്ഞ ജില്ലാ പൊലീസ് മേധാവി അജിത്‌കുമാർ ആൾക്കൂട്ടകൊല വകുപ്പ് ചുമത്തുന്നത് സംബന്ധിച്ച് വ്യക്തത നൽകിയില്ല. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട രാമനാരായണന്റെ ബന്ധുക്കളുമായി മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും ചര്‍ച്ച നടത്തി. 10 ലക്ഷം രൂപയിൽ കുറയാത്ത തുക നഷ്‌ടപരിഹാരം നൽകാമെന്നു മന്ത്രി രാജൻ ചർച്ചയിൽ ഉറപ്പ് നൽകി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്ഗഡിലേക്ക് സർക്കാർ ചെലവിൽ എത്തിക്കും. രാമനാരായണൻ്റെ ബന്ധുക്കളെയും വിമാനമാർഗം നാട്ടിലെത്തിക്കും. കേസിൽ ആൾക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്താമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
