നോവോര്‍മ്മയായി ശിവാനന്ദന്‍, പള്ളിക്കര ബീച്ച് ഫെസ്റ്റ് അപകടം: മരണപ്പെട്ടത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി
സംഘാടകരുടെ പിടിപ്പുകേടും താന്‍ പോരിമയും പള്ളിക്കര ബീച്ച് ഫെസ്റ്റിന്റെ നിറം കെടുത്തുന്നു. കലയെക്കാള്‍ ദൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടയും ഉത്സവം ആയി പള്ളിക്കര ബീച്ച് ഫെസ്റ്റ് എന്ന് നേരത്തെ പരാതി ഉയർന്നതാണ്.
ഇന്നലെ രാത്രിയില്‍ വേടന്റെ സംഗീത പരിപാടി ആസ്വദിക്കുന്നതിന് പതിനായിരത്തിലധികം ആളുകള്‍ ബേക്കല്‍ ബീച്ചില്‍ എത്തിയത്. വ്യാപക പ്രചാരണം നടത്തി ആളുകളെ കൂട്ടിയെങ്കിലും വേണ്ടത്ര സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. റാപ്പർ വേടന്‍ വേദിയില്‍ എത്തിയതോടെ ജനം ഇളകി. കുട്ടികളും സ്ത്രീകളും അടക്കം ശ്വാസം മുട്ടിയ അവസ്ഥയിലായി. ഇതിനിടക്ക് തൊട്ടടുത്ത റെയിൽവേ പാളം മുറിച്ചു കടന്ന യുവാവാണ് ട്രെയിൻ തട്ടി മരിച്ചത്. പൊയിനാച്ചി സ്വദേശി ശിവാനന്ദാണ് ദാരുണമായി മരണപ്പെട്ടത്. മംഗ്ളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ശിവാനന്ദന്‍. പൊയ്‌നാച്ചി പറമ്പിലെ ശിവം ഹൗസിലെ വേണുഗോപാലൻ നായരുടെ മകനാണ്.
തിരക്കിനിടെ തൊട്ടടുത്തുള്ള റെയിൽവേ പാളത്തിലേക്ക് പോയപ്പോള്‍ ട്രെയിൻ ഇടിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെ 15ഓളം പേർക്ക് പരിക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നീട് വിടുതല്‍ നല്‍കി.
അതിനിടെ സംഘാടക സമിതി ചെയര്‍മാനായ ഉദുമ എംഎല്‍എയെ അടക്കം പ്രതിയാക്കി പ്രശ്‌നത്തില്‍ കേസ് എടുക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഒരു യുവാവിന്റെ മരണത്തില്‍ കലാശിച്ചത് സുരക്ഷാ ഒരുക്കുന്നതില്‍ വന്ന വീഴ്ചയാണ് എന്ന ആക്ഷേപം വ്യാപകമാണ്.
