ബീഹാര്‍ തിരഞ്ഞെടുപ്പ് CCTV ദൃശ്യങ്ങള്‍ നല്‍കാതെ ഇലക്ഷൻ കമ്മീഷന്റെ ഒളിച്ചു കളി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലെയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. 243 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ദിവസത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ അജയ് ബസുദേവ് ബോസ് നൽകിയ അപേക്ഷയാണ് നിരാകരിച്ചത്.

1961-ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ റൂൾ 93(1) പ്രകാരം, കോടതി ഉത്തരവില്ലാതെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി നൽകാനാവില്ലെന്ന് ബെഗുസരായി ഡെപ്യൂട്ടി ഇലക്ഷൻ ഓഫീസർ മറുപടി നൽകി. വോട്ടെടുപ്പിന് ശേഷം സീൽ ചെയ്‌ത ഇത്തരം രേഖകൾ കോടതിയുടെ നിർദ്ദേശപ്രകാരം മാത്രമേ തുറന്നുപരിശോധിക്കാൻ കഴിയൂ എന്നാണ് അധികൃതരുടെ വിശദീകരണം.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ അജയ് ബസുദേവ് രംഗത്തെത്തി. 45 ദിവസത്തിനുള്ളിൽ ആർക്കും സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കാമെന്ന് കമ്മീഷൻ നേരത്തെ പറഞ്ഞിരുന്നതാണെന്നും, ഇപ്പോൾ കോടതി ഉത്തരവ് വേണമെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ ആരോപിച്ചു. പെൻഡ്രൈവിലോ സിഡിയിലോ ദൃശ്യങ്ങൾ നൽകണമെന്നായിരുന്നു അജയ് ആവശ്യപ്പെട്ടത്.

ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതക്കുറവാണിതെന്ന് ചിലർ വിമർശിക്കുമ്പോൾ, വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മറ്റു ചിലർ വാദിക്കുന്നു.