ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് സമ്പൂർണ നിരോധനം



ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കും ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം നമ്പർ 380ന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ 
 പ്രാബല്യത്തിൽ വന്നു. രാജ്യത്തിന്റെ സുസ്‌ഥിരതാ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പാരിസ്‌ഥിതിക നിയമ നിർമാണത്തിൻ്റെ ഭാഗമായാണ് നടപടി.

നിരോധനത്തിന്റെ പരിധിയിൽ വരുന്ന ഉൽപന്നങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ ഇവയാണ്: ബിവറേജ് കപ്പുകളും അവയുടെ അടപ്പുകളും. കട്ട്ലറികൾ (സ്‌പൂൺ, ഫോർക്ക്, കത്തി, ചോപ്സ്റ്റിക്സ്)
പ്ലേറ്റുകൾ, സ്ട്രോകൾ, സ്റ്റൈററുകൾ. സ്റ്റൈറോഫോം ഉപയോഗിച്ച് നിർമ്മിച്ച ഭക്ഷണ പാത്രങ്ങളും ബോക്സു‌കളും.
50 മൈക്രോണിൽ താഴെ കട്ടിയുള്ള എല്ലാ തരം ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾ (കടലാസ് ബാഗുകൾ ഉൾപ്പെടെ).

നിരോധനത്തിൽ ഇളവുകൾ: നിരോധനം വ്യാപാരത്തെയും വ്യാവസായിക മേഖലയെയും ബാധിക്കാതിരിക്കാൻ ചില ഇളവുകളും നൽകിയിട്ടുണ്ട്. കയറ്റുമതിക്കോ, പുനർ-കയറ്റുമതിക്കോ വേണ്ടി നിർമ്മിക്കുന്ന നിരോധിത ഉൽപന്നങ്ങൾക്ക് ഇളവുണ്ട്. എന്നാൽ ഇവ ആഭ്യന്തര വിപണിയിൽ വിതരണം ചെയ്യാൻ പാടില്ല. യുഎഇയിൽ റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് നിർമ്മിക്കുന്ന ബാഗുകൾക്കും ഉൽപന്നങ്ങൾക്കും ഇളവുണ്ട്.

മരുന്ന് ബാഗുകൾ, മാലിന്യം ശേഖരിക്കുന്ന ബാഗുകൾ, ഇറച്ചി, പച്ചക്കറികൾ, അപ്പം തുടങ്ങിയ പുതിയ ഭക്ഷ്യവസ്തുക്കൾ പൊതിയുന്നതിന് ഉപയോഗിക്കുന്ന വളരെ നേർത്ത പ്ലാസ്റ്റ‌ിക് ബാഗുകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയ്ക്കുള്ള വലിയ ഷോപ്പിങ് ബാഗുകൾ എന്നിവയ്ക്കും ഇളവ് ബാധകമാണ്.

എല്ലാ സ്‌ഥാപനങ്ങളും ഈ തീരുമാനം പൂർണമായി പാലിക്കണമെന്നും രാജ്യത്തിന്റെ പാരിസ്‌ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പങ്കുചേരണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.