പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതോടെ പ്രദേശങ്ങളിലെ താമസക്കാരും ഭീതിയിലായി
കാസര്‍ക്കോട് കുറ്റിക്കോല്‍, മുള്ളേരിയ മലയോര മേഖലകളില്‍ പുലിയുടെ കാല്‍പ്പാടുകള്‍; പ്രദേശവാസികള്‍ ഭീതിയില്‍
കാസര്‍ക്കോട് ബേഡകം, കുറ്റിക്കോല്‍,
മുള്ളേരിയ, കള്ളാര്‍ ഭാഗങ്ങളില്‍ പുലി ഇറങ്ങിയതായി സംശയം. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി സമയങ്ങളില്‍ പുലി കറങ്ങി നടന്നതിന്റെ കാല്‍പ്പാടുകള്‍ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. കുറ്റിക്കോല്‍ പള്ളതിങ്കലില്‍ അറാഫത്ത് മാസ്തിഗുഡയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ പുലിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞത് രാവിലെ ജോലിക്കെത്തിയ തൊഴിലാളികളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഈ ഭാഗത്തേക്ക് കര്‍ണ്ണാടക വന മേഖലയില്‍ നിന്നാണ് പുലി ഇറങ്ങി വരുന്നത് എന്നാണ് അനുമാനം.
പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതോടെ പ്രദേശങ്ങളിലെ താമസക്കാരും ഭീതിയിലാണ്. ആളുകള്‍ പുറത്ത് ഇറങ്ങാന്‍ ഭയപ്പെടുന്നു. തോട്ടം മേഖല കൂടിയായതിനാല്‍ പലരും ജോലി സ്ഥലത്തേക്ക് എത്താത്ത സാഹചര്യവുമാണ്. ദിവസ വേതനക്കാരായ കൂലി വേലക്കാര്‍ അധികമുള്ള മേഖല കൂടിയാണിത്. ജോലി മുടങ്ങുന്നത് അവരെ പ്രതിസന്ധിയിലാക്കും.
പ്രദേശവാസികള്‍ വിഷയം വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി.
