ബ്രിട്ടനിലേക്ക് തൊഴിൽ വിസയിൽ എത്തുന്നവർക്കുള്ള ഇംഗ്ലീഷ് ഭാഷാ യോഗ്യതാ മാനദണ്ഡങ്ങൾ ബ്രിട്ടീഷ് സർക്കാർ വർദ്ധിപ്പിച്ചു
യുകെ വിസ നിയമങ്ങളിൽ പുതിയ മാറ്റം വരുന്നു. ഇംഗ്ലീഷ് ഭാഷാ പരീക്ഷ ഇനി കടുപ്പമേറും എന്നാണ് അറിയുന്നത്. ബ്രിട്ടനിലേക്ക് തൊഴിൽ വിസയിൽ എത്തുന്നവർക്കുള്ള ഇംഗ്ലീഷ് ഭാഷാ യോഗ്യതാ മാനദണ്ഡങ്ങൾ ബ്രിട്ടീഷ് സർക്കാർ വർദ്ധിപ്പിച്ചു. സ്കിൽഡ് വർക്കർ അടക്കമുള്ള പ്രധാന വിസ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഇനി മുതൽ ഉന്നത നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കേണ്ടി വരും. മുൻപുണ്ടായിരുന്ന ബി1 ലെവലിന് പകരം അപ്പർ ഇന്റർമീഡിയറ്റ് നിലവാരമായ ബി2 (B2 Level) ആണ് പുതുതായി നിശ്ചയിച്ചിരിക്കുന്നത്. 2026 ജനുവരി എട്ട് മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം പുതിയതായി വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാവർക്കും ബാധകമായിരിക്കും. വിദേശങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ മാറ്റം വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസാരിക്കാനും എഴുതാനുമുള്ള മികവിന് പുറമെ, സങ്കീർണ്ണമായ വിഷയങ്ങൾ ഗ്രഹിക്കാനുള്ള ശേഷിയും ബി2 നിലവാരത്തിൽ പരിശോധിക്കപ്പെടും. ബിരുദധാരികൾക്കും ഇംഗ്ലീഷ് മാതൃഭാഷയായുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇളവുകൾ ഉണ്ടെങ്കിലും, മറ്റുള്ളവർ അംഗീകൃത സെന്ററുകളിൽ നിന്ന് പുതിയ മാനദണ്ഡപ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിലവിൽ യുകെയിലുള്ളവർക്ക് വിസ പുതുക്കുമ്പോൾ മാത്രമേ ഈ മാറ്റം ബാധകമാകൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിയമം നിലവിൽ വന്നതോടെ ആരോഗ്യ മേഖലയിലും ഐടി രംഗത്തും ഉൾപ്പെടെയുള്ള വിദേശ നിയമനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് തൊഴിൽ ദായകർ ആശങ്കപ്പെടുന്നു.
