ശോചനീയാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് എട്ട് രാജ്യങ്ങൾ
കനത്ത മഴയും കൊടുങ്കാറ്റും മൂലം ഗസ്സയിലെ നിത്യജീവിതം ശോചനീയമായി. ഗസ്സയുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച് എട്ട് രാജ്യങ്ങൾ. സൗദി, ജോർദാൻ, യുഎഇ, ഇന്തോനേഷ്യ, പാകിസ്‌താൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ആശങ്ക പ്രകടിപ്പിച്ചത്. ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കാലാവസ്ഥാ മാറ്റം മൂലം ഗസ്സയിലുണ്ടായ അവസ്ഥ ചൂണ്ടിക്കാട്ടിയത്. അസ്ഥിര കാലാവസ്ഥയിൽ മതിയായ സഹായത്തിന്റെ അഭാവം, ജീവൻ രക്ഷാ വസ്‌തുക്കളുടെ രൂക്ഷ ക്ഷാമം, അവശ്യ വസ്തുക്കളുടെ ദൗർലഭ്യത എന്നിവയാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്.
അപര്യാപ്‌തമായ ഷെൽട്ടറുകളിൽ താമസിക്കുന്ന ഏകദേശം 19 ലക്ഷം ജനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് മന്ത്രിമാർ പറഞ്ഞു. ക്യാമ്പുകൾ പലതും വെള്ളപ്പൊക്കത്തിൽ മുങ്ങി. ടെന്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കെട്ടിടങ്ങളും തകർന്നു, താപനില വളരെ താഴ്ന്ന നിലയിലെത്തി. പോഷകാഹാരക്കുറവുമുണ്ടായി. ഇതെല്ലാം സാധാരണക്കാർക്ക് അപകടസാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണെന്നും മന്ത്രിമാർ പറഞ്ഞു. കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവരെയാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ബാധിച്ചതെന്നും ചൂണ്ടിക്കാട്ടി. ഗസ്സയിലും വെസ്റ്റ് ബാങ്കിലും യുഎന്നിനും അന്താരാഷ്ട്ര എൻജിഒകൾക്കും നിയന്ത്രണങ്ങളില്ലാത്ത രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്ന് ഇസ്രായേൽ ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അവശ്യ സാധനങ്ങൾ എത്തിക്കാനുള്ള നിയന്ത്രണങ്ങൾ ഉടൻ നീക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് മന്ത്രിമാർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ സമഗ്ര പദ്ധതിയിൽ നിർദേശിച്ചപോലെ റഫ അതിർത്തി തുറക്കണമെന്നും പറഞ്ഞു.
