കോൺഫിഡന്റ്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ മരണം: ദുരൂഹതയേറുന്നു

വ്യാവസായി സിജെ റോയിയുടെ ആത്മഹത്യ 
പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. വിഷയത്തില്‍ ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
അതിനിടെ, കോൺഫിഡന്റ്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹതയേറുന്നു, ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ അദ്ദേഹം ജീവനൊടുക്കിയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിജെ  റോയിയുടെ ഓഫീസിൽ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളാണ് അന്വേഷണത്തിൽ നിർണ്ണായകമായിരിക്കുന്നത്.
ഒമ്പത് പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പിൽ തന്റെ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഭാവി സംബന്ധിച്ചും നിക്ഷേപകരെ സംരക്ഷിക്കേണ്ടതിനക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. വിദേശ സംരംഭങ്ങളിലുണ്ടായ തിരിച്ചടിയും വ്യക്തിപരമായ പ്രയാസങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് സൂചന. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ട് എഴുതിയ കുറിപ്പിൽ, ആരെയാണ് ബിസിനസ് ഏൽപ്പിക്കേണ്ടതെന്നും പണം തിരികെ നൽകാനുള്ളവരുടെ പട്ടികയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് മരണം നേരത്തെ ആസൂത്രണം ചെയ്തതാണെന്ന സംശയത്തിന് ബലമേകുന്നത്.