സ്നേഹ ഭവന സമര്‍പ്പണം, ആയിരങ്ങള്‍ വയനാട്ടിലേക്ക്
മുസ്‌ലിംലീഗ് മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായ 105 വീടുകളില്‍ 51 വീടുകളുടെ സമര്‍പ്പണം അല്പ സമയത്തിനകം നടക്കും. തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രൊജക്ട് സൈറ്റില്‍ വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഭവന കൈമാറ്റം നിര്‍വ്വഹിക്കും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ദേശീയ, സംസ്ഥാന നേതാക്കളും എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.
രാജ്യത്തെ നൊമ്പരപ്പെടുത്തിയ ഉരുള്‍ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായാണ് മനോഹരമായ വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്. മുട്ടില്‍ മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്നാണ് പ്രൊജക്ട് സൈറ്റ്. 8 സെന്റില്‍ 1060 സ്‌ക്വയര്‍ഫീറ്റില്‍ മൂന്ന് ബെഡ്‌റൂമുകളും രണ്ട് ബാത്ത്‌റൂമുകളും അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക്‌സ് പാകിയ മുറ്റം, മുന്‍വശത്ത് ഏഴ് മീറ്റര്‍ വീതിയില്‍ ടൈല്‍ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകള്‍ കൈമാറുന്നത്.
കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കും. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് കിണര്‍ കുഴിച്ച് കൂറ്റന്‍ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകളും മുസ്‌ലിംലീഗ് വക എത്തിച്ചു. ഓരോ വീട്ടുടമക്കും ആവശ്യമെങ്കില്‍ മുകളിലേക്ക് വീട് ഉയര്‍ത്താന്‍ ആവശ്യമായ തറബലത്തോടെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന വീട് വേണ്ടെന്നുവെച്ച് മുസ്‌ലിം ലീഗിന് അപേക്ഷ നല്‍കിയ സര്‍ക്കാര്‍ ലിസ്റ്റിലുള്ളവരെയാണ് ഗുണഭോക്താക്കളായി പരിഗണിച്ചത്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നല്‍കുന്ന വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
കമ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മുസ്‌ലിം ലീഗിന്റെ ഭവന സമുച്ചയത്തില്‍ ഉണ്ടാകും. അങ്കണവാടിക്കും മറ്റും ആവശ്യമായ സ്ഥലസൗകര്യവുമുണ്ട്. മേപ്പാടിയില്‍നിന്ന് അഞ്ച് കിലോമീറ്ററും മുട്ടില്‍ ടൗണില്‍നിന്ന് നാല് കിലോമീറ്ററും സഞ്ചരിച്ചാല്‍ സൈറ്റിലെത്താം. മേപ്പാടി പഞ്ചായത്തില്‍ തന്നെ വീടുകള്‍ വേണമെന്ന ഗുണഭോക്താക്കളുടെ ആവശ്യത്തിന് പരിഗണന നല്‍കിയാണ് വെള്ളിത്തോട് പ്രകൃതി സുന്ദരമായ പ്രദേശത്ത് 11.5 ഏക്കര്‍ ഭൂമി 14,13,21,438 രൂപ ചെലവഴിച്ച് മുസ്‌ലിം ലീഗ് വാങ്ങിയത്.
